ഇറാനിൽ വസ്ത്രധാരണ നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നു; നഗ്നയായി പൊലീസ് ജീപ്പിനുമുകളിൽ കയറി യുവതി

ഇറാനിലെ മഷാദിൽ നിന്നുള്ള ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്
ഇറാനിൽ വസ്ത്രധാരണ നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നു; നഗ്നയായി പൊലീസ് ജീപ്പിനുമുകളിൽ കയറി യുവതി
Published on


ഇറാനിലെ കർശന വസ്ത്രധാരണ നിയമത്തിനെതിരെ വീണ്ടും പ്രതിഷേം കനക്കുന്നു. ഇറാനിലെ മഷാദിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പൂർണ നഗ്നയായ സ്ത്രീ പൊലീസ് കാറിന് മുകളിലേക്ക് ചാടികയറുന്നതിൻ്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇറാനിൽ സ്ത്രീകളുടെ വസ്ത്രധാരണ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ വ്യാപകമാണ്.

ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിലെ തിരക്കേറിയ തെരുവിലായിരുന്നു യുവതി നഗ്നയായെത്തി പ്രതിഷേധിച്ചത്. തുടർന്ന് യുവതി പൊലീസ് വാഹനത്തിൻ്റെ വിൻഡ്‌ഷീൽഡിന് മുകളിൽ കയറി ധിക്കാരപരമായ ആംഗ്യം കാണിക്കുന്നതായും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ ഇവരെ താഴെയിറക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന്‍ ആയുധം എടുക്കാനായി വാഹനത്തിനുള്ളിലെത്തിയിട്ടും യുവതി താഴെയിറങ്ങാന്‍ വിസമ്മതിച്ചു. സ്ത്രീ നഗ്നയായതിനാൽ അവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് മടി കാണിച്ചതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിലെ വസ്ത്ര നിയമങ്ങൾക്കെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധമെന്ന് സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീയുടെ ധീരമായ പ്രതിഷേധത്തിൽ പലതരം പ്രതികരണങ്ങളും ഉയരുന്നുണ്ട്. ചിലർ യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് പറയുമ്പോൾ, മറ്റുള്ളവർ രാജ്യത്തെ കർശന വസ്ത്ര നിയമങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി ഇവരെ വാഴ്ത്തുകയും ചെയ്തു.


ഇറാനിലെ സദാചാര പൊലീസ് നടപ്പിലാക്കിയ കര്‍ശനമായ വസ്ത്രധാരണ നിയമത്തിനെതിരെ നിരവധി സ്ത്രീകള്‍ നേരത്തെ തെരുവിലിറങ്ങിയിരുന്നു. ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിൽ ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ട വിദ്യാർഥിയുടെ വ്യത്യസ്തമായ പ്രതിഷേധവും വലിയ ലോകശ്രദ്ധ നേടിയിരുന്നു. ബിക്കിനി ധരിച്ചുകൊണ്ടായിരുന്നു വിദ്യാർഥിയുടെ പ്രതിഷേധം. യുവതി മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്ന വിശദീകരണമാണ് അന്നും ഉയർന്നിരുന്നത്. എന്നാൽ അവർ ബോധപൂർവ്വം നടത്തിയ പ്രതിഷേധമാണ് ഇതെന്നായിരുന്നു സമൂഹമാധ്യമത്തിൽ പലരും അഭിപ്രായപ്പെട്ടത്. 

മെഹ്‌റാബാദിലെ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. ഹിജാബ് ധരിക്കാത്തത് ചോദ്യം ചെയ്ത മതപുരോഹിതന്റെ തലപ്പാവ് അഴിച്ചുമാറ്റി അത് ഹിജാബായി ഉപയോഗിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ 22കാരിയായ മെഹ്സ അമിനി കൊല്ലപ്പെട്ട വിഷയവും വലിയ ചർച്ചയായിരുന്നു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com