ഹമാസ് കരാറിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല; വെടിനിർത്തല്‍ ചർച്ചകളെ സംബന്ധിച്ച വാർത്തകള്‍ തള്ളി നെതന്യാഹുവിന്‍റെ ഓഫീസ്

മൂന്ന് ഘട്ടമായിട്ടാകും ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
ബെഞ്ചമിൻ നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹു
Published on

​ഗാസയിലെ വെടിനിർത്തൽ കരാ‍ർ ഹമാസ് അം​ഗീകരിച്ചുവെന്ന വാർത്തകൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. ക്രമാനു​ഗതം ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തലിനും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതിനുമുള്ള കരാറിന്റെ രൂപരേഖ ഹമാസ് അം​ഗീകരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഉടൻ തന്നെ ഇത് നിഷേധിച്ചു.

“പുറത്ത് വരുന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, ഹമാസ് കരാറിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല,” പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

കരാറിൽ ഇന്ന് രാത്രി ഒപ്പുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ന് രാത്രിയോ നാളെയോ ഒരു സംയുക്ത പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്നും ജറുസലേമിലെ ഉദ്യോഗസ്ഥർ ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകുന്നേരമോ നാളെയോ മന്ത്രിസഭ ഈ കരാർ അംഗീകരിച്ചാൽ, കരാറിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള 24-48 മണിക്കൂർ സമയവും കൂടി കണക്കാക്കിയാൽ ഞായറാഴ്ച ആദ്യ സംഘം ബന്ദികളെ വിട്ടയയ്ക്കുന്ന നടപടികൾ ആരംഭിക്കാം എന്നാണ് ഇതിനർത്ഥം - ഇസ്രയേൽ മാധ്യമങ്ങളും ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്തു.

മൂന്ന് ഘട്ടമായിട്ടാകും ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേല്‍ തടവിലുള്ള നൂറുകണക്കിന് പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഹമാസിന്‍റെ പിടിയിലുള്ള 33 ബന്ദികളുടെ മോചനമാണ് ആദ്യഘട്ടം. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവർ എന്നീ വിഭാഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഹമാസ് മോചിപ്പിക്കുന്നവരിൽ അഞ്ച് വനിതാ ഇസ്രയേല്‍ സൈനികരും ഉൾപ്പെടും. കരാർ പ്രാബല്യത്തില്‍ വന്ന് 16ാം ദിവസം രണ്ടാംഘട്ട ചർച്ചകളാരംഭിക്കും. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികളും ഈ ഘട്ടത്തിലാണുണ്ടാവുക. കരാർ പ്രകാരം ഘട്ടം ഘട്ടമായിട്ടായിരിക്കും ഇസ്രയേലിന്‍റെ സെെനിക പിന്മാറ്റം. ജോ ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി ബന്ദി മോചനം ഉറപ്പാക്കാൻ തിരക്കിട്ട ചർച്ചകളാണ് പുരോഗമിക്കുന്നത്.

അതേസമയം,  ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യ സർക്കാരിലെ ചില അംഗങ്ങൾ കരാറിനെ പിന്തുണയ്ക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പാർലമെന്റിലും സർക്കാരിലും കരാർ പാസാക്കിയെടുക്കാനുള്ള മതിയായ പിന്തുണ നെതന്യാഹുവിന് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com