ഹമാസ് ആയുധം വെച്ച് കീഴടങ്ങിയാൽ...; പുതിയ വെടിനിർത്തല്‍ കരാറിന് മുന്‍പ് നിബന്ധനകളുമായി നെതന്യാഹു

ഹമാസിന് മേലുള്ള സൈനിക സമ്മർദം ഫലപ്രദമാണെന്നാണ് ഇസ്രയേൽ ക്യാബിനറ്റിനെ നെതന്യാഹു അറിയിച്ചിരിക്കുന്നത്
ബെഞ്ചമിൻ നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹു
Published on

ഹമാസിന് മുന്നിൽ പുതിയ നിബന്ധനകള്‍ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആയുധം വെച്ച് കീഴടങ്ങിയാൽ മാത്രം നേതാക്കളെ ​ഗാസ വിട്ടു പോകാൻ അനുവദിക്കാമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഗാസയിൽ പുതിയ വെടിനിർത്തൽ കരാറിന് മുതിർന്ന ഹമാസ് നേതാക്കൾ അംഗീകാരം നൽകിയതിനു പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

ഹമാസിന് മേലുള്ള സൈനിക സമ്മർദം ഫലപ്രദമാണെന്നാണ് ഇസ്രയേൽ ക്യാബിനറ്റിനെ നെതന്യാഹു അറിയിച്ചിരിക്കുന്നത്. ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ വിശദീകരണം. ഒരു വശത്ത് ഹമാസ് സർക്കാരിനെയും അവരുടെ സൈനിക ശേഷിയും നശിപ്പിക്കുമ്പോൾ മറുവശത്ത് ബന്ദി മോചനത്തിനായാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഹമാസിന് മേലുള്ള സമ്മർദം വർധിപ്പിക്കാൻ സുരക്ഷാ ക്യാബിനറ്റ് വോട്ട് ചെയ്തതായും നെതന്യാഹു അറിയിച്ചു. ഗാസ മുനമ്പിൽ പൊതുവായ സുരക്ഷ ഉറപ്പാക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച പദ്ധതി പ്രകാരം സ്വമേധയാ ഉള്ള കുടിയേറ്റ പദ്ധതി നടപ്പിലാക്കാൻ വേണ്ട സൗകര്യം ഒരുക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ഈജിപ്ത് മുന്നോട്ട് വച്ച വെടിനിർത്തലിന് പകരമായി അഞ്ച് അമേരിക്കൻ-ഇസ്രയേലികളെ മോചിപ്പിക്കുമെന്നാണ് പുതിയ കരാറിനോട് അനുബന്ധിച്ച് ഹമാസ് അറിയിച്ചിരിക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ സമവായത്തിലെത്തിയാൽ ഈദുൽ ഫിത്തറില്‍ പ്രദേശത്ത് രണ്ടാമത്തെ വെടിനിർത്തൽ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവച്ച ആദ്യ വെടിനിർത്തൽ കരാർ ജനുവരി 19 മുതൽ മാർച്ച് 18 വരെ മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപിന്നാലെ ഗാസയിലേക്ക് വീണ്ടും ഇസ്രയേൽ ആക്രമണം ആരംഭിക്കുകയായിരുന്നു. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൽ, ഹമാസ് 33 ബന്ദികളെയാണ് മോചിപ്പിച്ചത്. 59 ഓളം ബന്ദികൾ ഇപ്പോഴും ഹമാസിന്റെ പക്കലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരിൽ എത്ര പേർ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com