"പാർട്ടിയുടെ നിലപാടല്ല, വ്യക്തിപരമായ അഭിപ്രായം മാത്രം"; കങ്കണയുടെ കർഷക ബിൽ പരാമർശം തള്ളി ബിജെപി

ഇത് കർഷക നിയമത്തിൽ ബിജെപിയുടെ നിലപാടല്ല എന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു
"പാർട്ടിയുടെ നിലപാടല്ല, വ്യക്തിപരമായ അഭിപ്രായം മാത്രം"; കങ്കണയുടെ കർഷക ബിൽ പരാമർശം തള്ളി ബിജെപി
Published on

ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയ മൂന്ന് കർഷക നിയമങ്ങളും തിരികെ വരണമെന്ന ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിൻ്റെ പ്രസ്താവനയെ തള്ളി ബിജെപി. ബിജെപിക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താൻ കങ്കണ റണാവത്തിന് അധികാരമില്ലെന്നും, ഇത് കർഷക നിയമത്തിൽ ബിജെപിയുടെ നിലപാടല്ല എന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. എന്നാൽ, അതിന് മറുപടിയായി തൻ്റെ അഭിപ്രായം തികച്ചും വ്യക്തിപരം മാത്രമാണെന്നും, അത് പാർട്ടിയുടെ നിലപാടല്ല എന്നും കങ്കണ എക്സിൽ കുറിച്ചു.

മൂന്ന് കർഷക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്നും, ഈ നിയമങ്ങൾ കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്നതാണെന്നുമായിരുന്നു കങ്കണ റണാവത്തിൻ്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ചില സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധിച്ചത് കൊണ്ടാണ് നിയമം പിൻവലിച്ചത്. കർഷകർ രാജ്യവികസനത്തിൻ്റെ പ്രധാന ഭാഗമാണ്. അതിനാൽ, അവരുടെ നന്മയ്ക്കായി കർഷകർ തന്നെ നിയമം തിരികെ കൊണ്ടുവരുന്നതിനായി ആവശ്യപ്പെടണം. ഈ പ്രസ്താവന വിവാദമാകുമെന്ന് അറിയാമെന്നുമാണ് കങ്കണ പറഞ്ഞത്.

കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. കർഷക നിയമങ്ങൾ ഒരിക്കലും നടപ്പിലാക്കാൻ സമ്മതിക്കില്ല. 750ഓളം കർഷകരാണ് നിയമത്തിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായത്. ആ നിയമങ്ങൾ തിരികെ കൊണ്ടുവരാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് ഒരിക്കലും നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com