സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യുഎസ് എംബസി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ പാകിസ്ഥാനിലുള്ള പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസ്. സൈനിക, സംഘര്‍ഷ മേഖലകള്‍, പ്രത്യേകിച്ച് ഇന്ത്യ-പാക് അതിര്‍ത്തിയും, നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഭീകരാക്രമണത്തിനും, സായുധ സംഘര്‍ഷങ്ങള്‍ക്കുമുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളെ 'യാത്ര പാടില്ലാത്ത' (Do Not Travel) ഇടങ്ങളുടെ പട്ടികയില്‍ യുഎസ് വിദേശ മന്ത്രാലയം നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സൈനിക നടപടികളെത്തുടര്‍ന്ന്, പാകിസ്ഥാനിലെ മറ്റ് പ്രദേശങ്ങളെ 'യാത്ര പുനഃപരിശോധിക്കണം' (Reconsider Travel) എന്ന നിര്‍ദേശത്തിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവരുടെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ പുലർച്ചെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎസ് നടപടി.
ALSO READ: കൊല്ലപ്പെട്ടവരിൽ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിൻ്റെ കുടുംബാംഗങ്ങളും
സംഘര്‍ഷം തുടരുന്ന/സൈനിക പ്രവര്‍ത്തന മേഖലകളില്‍നിന്ന്, സുരക്ഷിതമായി മാറാന്‍ പറ്റുമെങ്കില്‍ മാറുക. നിങ്ങള്‍ക്ക് മാറാന്‍ കഴിയുന്നില്ലെങ്കില്‍, വീടിനുള്ളില്‍ തന്നെ തുടരുക, അവിടെ സുരക്ഷിത ഇടം കണ്ടെത്തുക. ജാഗ്രത പാലിക്കുക, ഐഡി കാർഡ് കരുതുക, നിങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ശ്രമിക്കുക. യുഎസ് എംബസിയിൽ നിന്നുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനായി സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) സൈൻ അപ്പ് ചെയ്യുക. പ്രാദേശിക വാർത്തകൾ പിന്തുടരുകയും, സുരക്ഷാ പദ്ധതി തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്യുക -എന്നിങ്ങനെയാണ് യുഎസ് പൗരന്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് എംബസിക്ക് അറിവുണ്ട്. കാര്യങ്ങള്‍ മാറിമാറി വരുന്ന സാഹചര്യമാണ്. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് എംബസി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാനിലെ ചില പ്രദേശങ്ങൾ അങ്ങേയറ്റം അപകടകരമാണെന്നും അവിടേക്ക് യാത്ര ചെയ്യുന്നത് പൂർണമായും ഒഴിവാക്കണമെന്നുമാണ് യുഎസിന്റെ ഏറ്റവും പുതിയ സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദികളും വിഘടനവാദികളും സാധാരണക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും സുരക്ഷാ സേനയ്ക്കും നേരെ മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുള്ളതിനാല്‍, ബലൂചിസ്ഥാൻ പ്രവിശ്യയിലേക്കുള്ള ഏതൊരു യാത്രയും ഒഴിവാക്കണം. സാധാരണക്കാരെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, എന്‍ജിഒകളെയും ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണങ്ങള്‍ നടക്കുന്ന ഖൈബര്‍ പഖ്‌തൂണ്‍ഖ്വ പ്രവിശ്യയും സുരക്ഷിതമല്ല. കുറ്റകൃത്യങ്ങളുടെ കാര്യമെടുത്താല്‍, ഇസ്ലാമാബാദ് ചെറിയ തോതില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. കറാച്ചി, ലാഹോര്‍, പെഷവാര്‍ പോലുള്ള പ്രദേശങ്ങള്‍ വലിയ സുരക്ഷാ ഭീഷണിയുള്ള ഇടങ്ങളാണെന്നും യുഎസ് സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു.