ഉത്തരവാദിത്തം സർക്കാരിനും വനംവകുപ്പിനും; കുട്ടമ്പുഴയിലെ കാട്ടാനാക്രമണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകി ആദിവാസികളെയും വനാതിർത്തിയിൽ താമസിക്കുന്ന കർഷകരെയും ബുദ്ധിമുട്ടിക്കാനാണ് സർക്കാർ നീക്കമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം
ഉത്തരവാദിത്തം സർക്കാരിനും വനംവകുപ്പിനും; കുട്ടമ്പുഴയിലെ കാട്ടാനാക്രമണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്
Published on


കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനും വനവകുപ്പിനുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടമ്പുഴയിലെ സംഭവത്തിൽ ഉത്തരവാദിത്തം മുഴുവനും സർക്കാരിനും വനംവകുപ്പിനുമാണ്. വിഷയം സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടും വനംവകുപ്പ് നിസംഗരായി നിന്നു. നിലവിൽ വനനിയമ ഭേദഗതിക്ക് ഒരുങ്ങുകയാണ് സർക്കാർ. ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകി ആദിവാസികളെയും വനാതിർത്തിയിൽ താമസിക്കുന്ന കർഷകരെയും ബുദ്ധിമുട്ടിക്കാനാണ് സർക്കാർ നീക്കം.


ഭേദഗതി സർക്കാർ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിപക്ഷം അതിനെ ശക്തമായി എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വൈദ്യുതി ചാർജ് വർധനവിനെതിരെയും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മാർച്ചിൽ വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കും. മണിയാർ വൈദ്യുതി പദ്ധതിയുടെ ബിഒടി കരാർ നീട്ടി നൽകാനുള്ള തീരുമാനം കൊള്ള നടത്താനാണ്. നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം ഇതിനെ നേരിടും. അതിന്റെ ഇരകളായി മാറുന്നത് സാധാരണക്കാരാണ്. കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടുന്നില്ലെന്നത് വാസ്തവം. പക്ഷേ സംസ്ഥാനം എന്തുകൊണ്ട് പണം മുടക്കുന്നില്ല. സംസ്ഥാനത്ത് സർക്കാർ ഇല്ലായ്മയാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പൊലീസുകാരുടെ ആത്മഹത്യ സംബന്ധിച്ച കാര്യങ്ങളും വി.ഡി. സതീശൻ ചർച്ച ചെയ്തു. പൊലീസ് ആത്മഹത്യ സംസ്ഥാനത്ത് ആദ്യത്തേതല്ല, അഴീക്കോട് തന്നെ ഇത് മൂന്നാമത്തെ സംഭവമാണ്. എടുക്കാൻ പറ്റാത്ത ജോലിയാണ് എടുപ്പിക്കുന്നത്. ഇതിലൊന്നും സർക്കാർ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപ്പേപ്പർ വിവാദത്തിൽ, ചോദ്യപേപ്പർ വീണ്ടും ചോരാൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. ഭരണാനുകൂല അധ്യാപക സംഘടനയിലുള്ളവരെ ചോദ്യം ചെയ്യണം. സർക്കാരിനെ നോക്കി സർക്കാർ ഉദ്യോഗസ്ഥർ തന്നെ കൊഞ്ഞനം കുത്തുന്നത് ക്ഷേമ പെൻഷൻ വിഷയത്തിൽ കണ്ടു. ധൈര്യമുണ്ടെങ്കിൽ പേര് പുറത്തുവിടണം. ഇത് തന്നെയാണ് ചോദ്യപ്പേപ്പർ ചോർച്ചയിലും സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com