താൻ നല്ല സ്ഥാനാർഥിയെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടാൽ നിസംശയം തെരഞ്ഞെടുപ്പിനിറങ്ങുമെന്നായിരുന്നു സരിൻ്റെ പ്രസ്താവന
ഇനിയുള്ള രാഷ്ട്രീയ യാത്ര ഇടതുപക്ഷത്തിനൊപ്പമെന്ന് വ്യക്തമാക്കി മുൻ കോൺഗ്രസ് നേതാവ് ഡോക്ടർ പി. സരിൻ. പത്രസമ്മേളനത്തിന് ശേഷം പാർട്ടി പുറത്താക്കുമെന്നും ഇതിന് ശേഷം വെറുതെയിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സരിൻ പറഞ്ഞു. താൻ നല്ല സ്ഥാനാർഥിയെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടാൽ നിസംശയം തെരഞ്ഞെടുപ്പിനിറങ്ങുമെന്നായിരുന്നു സരിൻ്റെ പ്രസ്താവന.
സിപിഎം പ്രവർത്തന രീതികളെ പുകഴ്ത്തി സംസാരിച്ച സരിൻ, കോൺഗ്രസ് ബിജെപിയെ പിന്തുണക്കുകയാണെന്ന് ആവർത്തിച്ചു. താൻ കോൺഗ്രസിലെ ഇടതുപക്ഷമായിരുന്നു. ഇനി യഥാർഥത്തിൽ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസ് പാർട്ടിയെ പോലെ മുൻകൂട്ടി തീരുമാനമെടുത്ത് പ്രാവർത്തികമാക്കുന്ന പ്രകൃതമല്ല ഇടതുപക്ഷത്തിന്. സിപിഎമ്മിന് തീരുമാനമെടുക്കാൻ സമയം നൽകുമെന്നും, തീരുമാനം അറിയിച്ച ഉടൻ മറുപടി കൊടുക്കുമെന്നും സരിൻ വ്യക്തമാക്കി.
ബിജെപിക്കെതിരെ പോരാടുക എന്ന ഒറ്റ ലക്ഷ്യമാണ് തനിക്കുള്ളതെന്ന് പറഞ്ഞ സരിൻ, രാഷ്ട്രീയമായി ബിജെപിയെ എതിർക്കാൻ കോൺഗ്രസ് ചെയ്ത ഒരു കാര്യം ചൂണ്ടിക്കാണിക്കാമോ എന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ബിജെപിക്കെതിരെ കൃത്യമായി പോരാടുന്ന സിപിഎം നേതൃത്വത്തോട് പാർട്ടിയിൽ തനിക്ക് ഇടമുണ്ടോ എന്ന് പരസ്യമായി ചോദിക്കുകയാണെന്നും സരിൻ പറഞ്ഞു.