
താൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇടത് ആശയങ്ങളാണെന്ന് പ്രവർത്തകർക്ക് ബോധ്യപ്പെട്ടതിൻ്റെ തെളിവായിരുന്നു ഇന്നലത്തെ റോഡ് ഷോയിലെ പങ്കാളിത്തമെന്ന് പാലക്കാട് ഇടത് സ്ഥാനാർഥി ഡോ. പി. സരിൻ. അവധി ദിനമായ ഇന്ന് കൂടുതൽ സമയം പ്രചരണത്തിനായി ഇറങ്ങുമെന്നും സരിൻ പറഞ്ഞു. റോഡ് ഷോയിലെ ഊർജ്ജവുമായി അവധി ദിനമായ ഇന്നും പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണം കൂടുതൽ സജീവമാക്കും. പ്രധാന വ്യക്തികളെ നേരിൽ കണ്ടും ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ചും വോട്ട് ഉറപ്പാക്കാനാണ് സരിൻ ഇന്ന് കൂടുതൽ ശ്രദ്ധിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തിന് പാലക്കാടൻ മണ്ണിൽ എത്രത്തോളം തിരിച്ചുവരവിനുള്ള ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് റോഡ് ഷോയെന്ന് സരിൻ പറഞ്ഞിരുന്നു. കോൺഗ്രസിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഉന്നയിക്കുന്നില്ലെന്നും പാലക്കാടിൻ്റെ വികസന ചർച്ചയിലാണ് താൽപര്യമെന്നും ഡോ. പി സരിൻ ഇന്ന് പ്രതികരിച്ചിരുന്നു. യുഡിഎഫ് - എൽഡിഎഫ് പോരാട്ടം വന്നാൽ ബിജെപി ജയിക്കുമെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്കെത്തിയ സരിനെ സ്വീകരിക്കാൻ യാതൊരു മടിയുമില്ലെന്ന് വിളിച്ചോതുന്ന തരത്തിലുള്ള റോഡ് ഷോയാണ് പാലക്കാട് അണിനിരന്നത്. 'സരിൻ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നിൽ വെച്ച സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കും, വോട്ട് ചെയ്ത് വിജയിപ്പിക്കും' എന്നാണ് മുന്നണി പ്രവർത്തകർ ഒന്നടങ്കം പറയുന്നത്.