വിക്ടോറിയ കോളേജ് മുതൽ കോട്ടമൈതാനം വരെയാണ് സരിൻ്റെ റോഡ് ഷോ
പി. സരിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുള്ള എൽഡിഎഫിൻ്റെ റോഡ് ഷോ പാലക്കാട് നഗരത്തിൽ വൈകീട്ട് അഞ്ചിന് ആരംഭിച്ചു. വലിയ ജനപങ്കാളിത്തമാണ് റോഡ് ഷോയ്ക്ക് ലഭിക്കുന്നത്. സരിൻ ബ്രോ എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ റോഡ് ഷോയ്ക്ക് എത്തി. വിപുലമായ ഒരുക്കമാണ് സിപിഎം ഒരുക്കിയിരുന്നത്. വിക്ടോറിയ കോളേജിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കോട്ടമൈതാനത്ത് സമാപിക്കും. സിപിഎം- ഡിവൈഎഫ്ഐ നേതാക്കളും സരിനോടൊപ്പമുണ്ട്.
ALSO READ: സരിൻ പോയാൽ ഒരു പ്രാണി പോയതുപോലെ; കോൺഗ്രസിനെ ഇതൊന്നും ബാധിക്കില്ല: കെ. സുധാകരൻ
കോൺഗ്രസിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഉന്നയിക്കുന്നില്ലെന്നും പാലക്കാടിൻ്റെ വികസന ചർച്ചയിലാണ് താൽപര്യമെന്നും ഡോ. പി സരിൻ ഇന്ന് പ്രതികരിച്ചിരുന്നു. യുഡിഎഫ്- എൽഡിഎഫ് പോരാട്ടം വന്നാൽ ബിജെപി ജയിക്കുമെന്ന വാദം തെറ്റാണെന്നും സരിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ മത്സരിപ്പിക്കുന്നത്. സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്നാണ് സിപിഎം കരുതുന്നത്.
കഴിഞ്ഞ ദിവസം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചരണാർഥം യുഡിഎഫും റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.