പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വ്യോമസേനാ മേധാവിയുമായി നിർണായക കൂടിക്കാഴ്ച നടത്തിയത്
ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു എയർ ചീഫ് മാർഷല്‍ എ.പി. സിംഗുമായുള്ള മോദിയുടെ കൂടിക്കാഴ്ച. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വ്യോമസേനാ മേധാവിയുമായി നിർണായക കൂടിക്കാഴ്ച നടത്തിയത്.
ഭീകാരാക്രമണത്തിനു പിന്നാലെ വിവിധ സേനാ മേധാവികളുമായി പ്രധാനമന്ത്രി അടിയന്തര യോഗങ്ങൾ ചേർന്നിരുന്നു. നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയുമായി ചർച്ച നടത്തി 24 മണിക്കൂർ തികയും മുൻപാണ് പ്രധാനമന്ത്രി വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞയാഴ്ച കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
Also Read: പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടഞ്ഞ് ഇന്ത്യ; ചെനാബ് നദിയിലെ അണക്കെട്ടിന്റെ ഷട്ടറുകള്‍ താഴ്ത്തി
ഏപ്രിൽ 29ന് പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിൽ ഭീകര വിരുദ്ധ പോരാട്ടത്തിന് സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചിരുന്നു. ഭീകരരെ നേരിടാനുള്ള സമയവും രീതിയും ലക്ഷ്യവും സൈന്യത്തിന് നിശ്ചയിക്കാം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, ദേശീയ സുരക്ഷാ മേധാവി അജിത് ഡോവൽ എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്. കര, വ്യോമ, നാവിക സേന മേധാവിമാരും അടിയന്തര യോഗത്തിൽ പങ്കെടുത്തിരുന്നു.
Also Read: ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോർത്തി; രണ്ട് പാക് ചാരന്മാർ പഞ്ചാബില്‍ പിടിയില്‍
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് നാല് ഭീകരരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതില്‍ പാകിസ്ഥാനിൽ നിന്നുള്ള രണ്ട് പേർ ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിയത്. ആദ്യം വെടിപൊട്ടിയപ്പോൾ സഹായിക്കാനെന്ന വ്യാജേന ടൂറിസ്റ്റുകളെ ഇവർ ഫുഡ്കോർട്ടിലേക്ക് നയിച്ചു. അവിടെ കാത്ത് നിന്ന പാക് ഭീകരൻ ഹാസീം മൂസയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം ടൂറിസ്റ്റുകളെ പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ.