പഹൽ​ഗാം ഭീകരാക്രമണം: "അപകീർത്തിപ്പെടുത്താനുള്ള നീക്കം"; ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്ഥാന്‍

പാക് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇന്ത്യ നീക്കം നടത്തുന്നുവെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പ്രമേയം
പഹൽ​ഗാം ഭീകരാക്രമണം: "അപകീർത്തിപ്പെടുത്താനുള്ള നീക്കം"; ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്ഥാന്‍
Published on

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങളെ തള്ളി പ്രമേയം പാസാക്കി പാകിസ്ഥാൻ. പാകിസ്ഥാൻ സെനറ്റ് ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. പഹൽഗാം ഭീകരാക്രമണത്തെ പാകിസ്ഥാനുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. പാക് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇന്ത്യ നീക്കം നടത്തുന്നുവെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പ്രമേയം. 28 പേരാണ് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.


ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദാർ ആണ് സെനറ്റിൽ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യ സിന്ധു നദിജലകരാർ റദ്ദാക്കിയാൽ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും പ്രമേയത്തിൽ പറയുന്നു. 'നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് പാകിസ്ഥാൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന്' സെനറ്റ് പ്രമേയത്തിൽ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്ലാമാ​ബാദിൽ നടന്ന പാകിസ്ഥാൻ ദേശീയ സുരക്ഷാ കമ്മിറ്റി മീറ്റിങ്ങിലും സമാനമായ നീരീക്ഷണങ്ങളാണ് പാക് അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ഭീകരാക്രമണത്തിലെ പാക് ബന്ധം ഇന്ത്യ ചൂണ്ടിക്കാട്ടുമ്പോഴാണ് ഇത്തരത്തിലൊരു പ്രമേയം പാകിസ്ഥാൻ സർക്കാർ പാസാക്കിയിരിക്കുന്നത്. ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മൊഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള പ്രതിബദ്ധത പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നാണ് ഇന്ത്യ ചൂണ്ടിക്കാണിച്ചത്.

അതേസമയം, പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാനുള്ള ആലോചനയിലാണ് ഇന്ത്യ. 2021 മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്ലാഗ് മീറ്റിങ്ങിൽ തീരുമാനം ആകാത്തതും ബിഎസ്എഫ് സൈനികനെ വിട്ടുനൽകാത്തതുമാണ് ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് പോകാൻ കാരണം. അതിർത്തി കടന്നുള്ള സ്‌നൈപ്പർ ആക്രമണങ്ങൾ, വെടിനിർത്തൽ കരാർ ലംഘനങ്ങൾ എന്നിവയും കാരണമായി ഇന്ത്യ ചൂണ്ടിക്കാണിക്കുമെന്നാണ് റിപ്പോർട്ട്. 2021 ഫെബ്രുവരി 25നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാറുണ്ടാക്കിയത്.

ലഷ്കർ ഇ ത്വയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയാണ് പഹൽ​ഗാമിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കുൽനാർ ബാസിപോര മേഖലയില്‍ ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെ ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ ഇന്ത്യൻ സൈന്യം ഇന്ന് വധിച്ചിരുന്നു. എല്‍ഇടി കമാന്‍ഡർ അല്‍ത്താഫ് ലല്ലിയെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com