
പെരിയ ഇരട്ടക്കൊലപാതക കേസില്‍ നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ.
വി. ഡി. സതീശൻ
ഇത് കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയം. കുറ്റകരമായ ഗൂഢാലോചന നടത്തിയത് സിപിഎമ്മാണ്. കൊലപാതകം ചെയ്തതും ചെയ്യിച്ചതും എല്ലാം സിപിഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണം എന്ന് തീരുമാനിച്ചതും സിപിഎം. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചെലവഴിച്ചു. കേസിനായി ചെലവഴിച്ച പണം സിപിഎം സംസ്ഥാന കമ്മിറ്റി സർക്കാരിലേക്ക് തിരിച്ചടയ്ക്കണം. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാർ. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. ആ കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏത് കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണ്.
കെ. സുധാകരൻ
ഇതുപോലെയൊരു വിധി ഇതാദ്യം. വെറുതെ വിട്ടവർക്കെതിരെ കോടതിയിൽ പോകും. നിയമ പോരാട്ടം ഇനിയും തുടരും. സിബിഐ ഉദ്യോഗസ്ഥരുടെ മനക്കരുത്തും ആത്മാർഥതയുമാണ് ഈ വിധി ഉണ്ടാക്കിയത്. അവരെ അഭിനന്ദിക്കുന്നു. സിപിഎമ്മിന് പങ്കില്ലെങ്കിൽ ആർക്കാണ് പങ്ക്?
ടി. സിദ്ദിഖ് എംഎൽഎ
കേസിൻ്റെ വിധി സിപിഎമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ താക്കീത്. വെറുതെ വിടാൻ പാടില്ലാത്തവരെ വെറുതെ വിട്ടിട്ടുണ്ടെങ്കിൽ അത് പാർട്ടി പരിശോധിക്കും. ഉന്നത സിപിഎം നേതാക്കന്മാർക്ക് അടക്കം പങ്ക് ഉണ്ടെന്നും സിദ്ദിഖ് ആരോപിച്ചു. കൊലപാതകം പ്ലാൻ ചെയ്തത് ഉന്നത സിപിഎം നേതാക്കളാണ്. പ്രതികൾ ആദ്യം പോയത് പാർട്ടി ഓഫീസിൽ, പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കികൊടുത്തു.
കൊലപാതക രാഷ്ട്രീയത്തിനെതിരായ പൊതുധാര രൂപീകരിക്കാൻ വിധി സഹായിക്കും. സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംഘർഷം കുറഞ്ഞു. അതിന് കാരണം ഇരു പാർട്ടികളും ഒന്നായതാണ്. ജീവനെടുക്കാൻ സിപിഎം നേതൃത്വം കൊടുക്കുന്നു. എടുത്ത ജീവൻ തിരിച്ചു കൊടുക്കാൻ അവർക്ക് കഴിയുമോ? പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിച്ചില്ലെങ്കിൽ തുടർനടപടി പാർട്ടി ആലോചിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി
വിധിയിൽ പൂർണ തൃപ്തിയില്ല. ആദ്യ പ്രതികൾക്ക് വധശിക്ഷ വിധിക്കണം. വെറുതെ വിട്ട പ്രതികൾക്കെതിരെ അപ്പീൽ പോകും.
ഷാഫി പറമ്പിൽ എംപി
കൊലപാതകികളുടെ രക്ഷാധികാരി മുഖ്യമന്ത്രി. കേസ് നടത്തിപ്പിന് ചെലവഴിച്ച പണം തിരികെ നൽകണം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
പ്രതികൾക്കൊപ്പം ശിക്ഷിക്കപ്പെടുന്നത് സിപിഎമ്മിൻ്റെ കൊലയാളി രാഷ്ട്രീയം.
പി.സി. വിഷ്ണുനാഥ് എംഎൽഎ
വ്യക്തിപരമായി വളരെ വേണ്ടപ്പെട്ടവരായിരുന്നു കൃപേഷും ശരത് ലാലും. കേസ് ആദ്യം മുതൽക്കേ അട്ടിമറിക്കാൻ സർക്കാർ മനപൂർവം പരിശ്രമിച്ചു.
രമേശ് ചെന്നിത്തല
വിധിയിൽ തുടർ നടപടി കുടുംബവുമായി ആലോചിച്ച് പാർട്ടി തീരുമാനിക്കും. കേസ് തേച്ച് മായ്ച്ചു കളയാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ നടന്നു. അത്തരം ഇടപെടലുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ പ്രതികൾ ആണെന്ന് തങ്ങൾ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സിപിഎം കൈ കഴുകുകയാണ് ചെയ്തത്. മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് അഭിപ്രായം. സിപിഎം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി.
ഡീൻ കുര്യക്കോസ് എംപി
സിപിഎം അക്രമ പാർട്ടിയാണെന്ന് വീണ്ടും തെളിഞ്ഞു. പ്രതികളെ രക്ഷിക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞുവീണു. കോൺഗ്രസിന്റെ നിയമപോരാട്ടം ശരിയായിരുന്നു എന്ന് തെളിയിച്ചു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ കുറ്റക്കാരൻ എന്നത് സിപിഎമ്മിൻ്റെ മുഖത്തേറ്റ പ്രഹരം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
വിധിയെ സ്വാഗതം ചെയ്യുന്നു. സിബിഐ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് കുറ്റക്കാരെ ശിക്ഷിക്കാൻ കഴിഞ്ഞത്. സർക്കാർ ചെലവിൽ പ്രതികളെ സംരക്ഷിക്കാൻ ഉള്ള ശ്രമമാണ് നടന്നത്. മാതാപിതാക്കളുടെ ധീരമായ പോരാട്ടം ഫലം കണ്ടു. നവീൻ ബാബുവിന്റെ മരണത്തിലും സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കും. കാരണം എതിർഭാഗത്ത് നിൽക്കുന്നത് പാർട്ടിക്കാരിയാണ്. പെരിയ കൊലക്കേസിലും സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു.
പി. കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ
കുടുംബത്തിന് നീതി ലഭിച്ച വിധി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി. കൊല്ലപ്പെട്ടവരുടെ അടക്കം പണം ഉപയോഗിച്ചാണ് അവർ പ്രതികൾക്കായി കേസ് നടത്തിയത്. കുടുംബവും മുന്നണിയും ഒറ്റക്കെട്ടായി പോരാടിയതിന്റെ ഫലം.
കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധി. 10 പേരെ കുറ്റവിമുക്തരാക്കി. കൊച്ചി സിബിഐ കോടതിയുടേതാണ് വിധി. 20-ാം പ്രതിയായ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2023 ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
സിപിഎം നേതാക്കള്‍ ഉൾപ്പെടെ 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍, ഒന്നാം പ്രതി എ. പീതാംബരന്‍ (മുൻ പെരിയ എൽസി അംഗം), രണ്ടാം പ്രതി സജി സി. ജോര്‍ജ് (സജി), മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍ കുമാര്‍ (അബു), അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ആര്‍. ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ. അശ്വിന്‍ (അപ്പു), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത് (അപ്പു), പതിനാലാം പ്രതി കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ (വിഷ്ണു സുര), 20-ാം പ്രതി കെ.വി. കുഞ്ഞിരാമന്‍ (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), 21-ാം പ്രതി രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), 22-ാം പ്രതി കെ. വി. ഭാസ്കരന്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറുപേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്. 9,11,12,13,16,18,17,19, 23, 24 പ്രതികളെയാണ് കുറവിമുക്തരാക്കിയിരിക്കുന്നത്.