മൃതദേഹങ്ങള്‍ സംസ്‌കരിച്ച താഴെ പാങ്ങോട് ജുമ മസ്ജിദിനരികിലാണ് സല്‍മാ ബീവിയുടെ വീട്. പള്ളിയിലുണ്ടായിരുന്നവരും നാട്ടുകാരും അഫാനെക്കാണാന്‍ തടിച്ചു കൂടി.
വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതി അഫാനുമായി പാങ്ങോട് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പിതൃ മാതാവ് സല്‍മാബീവിയുടെ വീട്ടിലും പേരുമലയിലെ സ്വന്തം വീട്ടിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ അഫാനെ നാളെ കോടതിയില്‍ ഹാജരാക്കും.
വൈകുന്നേരം 4.30 തോടു കൂടിയാണ് പ്രതി അഫാനുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയില്‍ ആദ്യം താഴെ പാങ്ങോടുള്ള സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചു. മിനുട്ടുകള്‍ മാത്രമെടുത്ത തെളിവെടുപ്പ്. മൃതദേഹങ്ങള്‍ സംസ്‌കരിച്ച താഴെ പാങ്ങോട് ജുമ മസ്ജിദിനരികിലാണ് സല്‍മാ ബീവിയുടെ വീട്. പള്ളിയിലുണ്ടായിരുന്നവരും നാട്ടുകാരും അഫാനെക്കാണാന്‍ തടിച്ചു കൂടി. പ്രതിഷേധത്തിന്റെയോ വൈകാരികതയുടെയോ അന്തരീക്ഷമില്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാന്‍ പൊലീസിനായി.
ALSO READ: മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മരണം; ബസ് ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊലപാതകത്തിനുശേഷം മടങ്ങിയ വഴിയിലൂടെ പൊലീസ് അഫാനുമായി സഞ്ചരിച്ചു. കല്ലറയുള്ള സിഡിഎമ്മിന് മുന്നില്‍ സെക്കന്റുകള്‍ മാത്രം വാഹനം നിര്‍ത്തി. സല്‍മാബീവിയുടെ മാല പണയം വെച്ച് പണം നിക്ഷേപിച്ച സിഡിഎമ്മിന് മുന്നിലാണ് പ്രതിയെ പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് അഫാനുമായി പൊലീസ് എത്തിയത് പേരുമലയിലെ സ്വന്തം വീട്ടില്‍. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. മാതാവിന്റെയും സഹോദരന്റെയും പെണ്‍ സുഹൃത്തിന്റെയും ചോരക്കറ ഉണങ്ങാത്ത വീട്ടില്‍ ഭാവവ്യത്യാസമില്ലാതെ അഫാന്‍ കുറ്റകൃത്യം വിശദീകരിച്ചു.
അതേസമയം രാവിലെ തെളിവെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഫാന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണിരുന്നു. ഉടന്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെളിവെടുപ്പ് തടസപ്പെടുത്തുന്നതിനുള്ള പ്രതിയുടെ നാടകമായിരുന്നു എന്നാണ് വിലയിരുത്തല്‍.
ALSO READ: 'കല്യാണവീട്ടില്‍ പ്ലാസ്റ്റിക് കുപ്പി വേണ്ട, പകരം ഗ്ലാസ് കുപ്പികള്‍'; നിര്‍ദേശവുമായി ഹൈക്കോടതി
പാങ്ങോട് പൊലീസിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. അനുജന്റെയും പെണ്‍ സുഹൃത്തിന്റെയും കൊലപാതകത്തില്‍ അവസാനമാകും വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കുക.