
പി.വി. അൻവറിന്‍റെ ആരോപണങ്ങൾക്ക് സിപിഎമ്മിന്‍റെ രാഷ്ട്രീയ മറുപടി. ചെങ്കൊടി തൊട്ട് കളിക്കേണ്ടെന്ന് നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഎം അന്‍വറിന് താക്കീത് നല്‍കി. ടി.കെ. ഹംസയെയും നിലമ്പൂർ ആയിഷയെയും വേദിയിലെത്തിച്ചായിരുന്നു സിപിഎമ്മിന്‍റെ പ്രതിരോധം.
അൻവറിന്‍റെ തുടർച്ചയായുള്ള കടന്നാക്രമണങ്ങളിൽ സംയമനത്തിന്‍റെ സ്വരമുപേക്ഷിച്ച സിപിഎം കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. പൊളിറ്റ് ബ്യുറോ അംഗവും മുൻ മന്ത്രിയും ഉൾപ്പടെ പ്രമുഖർ പങ്കെടുത്ത വിശദീകരണ യോഗത്തിൽ അന്‍വറിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. എല്ലാം മാധ്യമങ്ങളോട് പറഞ്ഞതിന് ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകിയ അൻവറിന്‍റെ നടപടിയെ എ. വിജയരാഘവൻ കുറ്റപ്പെടുത്തി. സിപിഎമ്മിന് ബിജെപി ബന്ധമെന്ന് ആരോപണത്തിന് ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു വിജയരാഘവന്‍റെ കടന്നാക്രമണം.
Also Read: മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധത മൂത്ത്; തെറ്റായ രാഷ്ട്രീയ വീക്ഷണമുള്ള ഉദ്യോഗസ്ഥരെ സർക്കാർ ഒപ്പം നിർത്തില്ല: എ.വിജയരാഘവൻ
ഒപ്പമുണ്ടെന്ന് അൻവർ അവകാശപ്പെട്ട നിലമ്പൂർ ആയിഷ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും, പാർട്ടി വേദിയിലെത്തി തന്‍റെ പക്ഷം ഏതാണെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചു. മുൻ മന്ത്രി ടി.കെ. ഹംസയും വിശദീകരണ യോഗ വേദിയിൽ അൻവറിനെതിരെ ആഞ്ഞടിച്ചു.
നിലമ്പൂർ ചന്തക്കുന്നിലെ യോഗത്തോടെ സിപിഎം അൻവർ പോര് തെരുവിലേക്കെത്തുകയാണ്. അതേസമയം, മുന്നണി ബന്ധം വിട്ടതിനു ശേഷം ഇന്ന് ആദ്യമായി അന്‍വർ നിയമസഭയില്‍ പങ്കെടുക്കും. പ്രതിപക്ഷ നിരയിലാണ് അന്‍വറിനു ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്‍വർ സഭയിലും ആവർത്തിക്കുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.