
തന്‍റെ ജീവിതത്തിലെ അവസാന 18 മാസക്കാലവും ഗാസ മുനമ്പിലെ ഏക കത്തോലിക്കാ പള്ളിയായ ഗാസ സിറ്റിയിലെ ഹോളി ഫാമിലിയിലേക്ക് മുടങ്ങാതെ ഒരു ഫോൺ കോൾ നടത്തിയിരുന്നു പോപ്പ് ഫ്രാൻസിസ്. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആദ്യമായി അങ്ങനെയൊരു ഫോൺകോൾ വരുന്നത്. പിന്നീട് എല്ലാ ദിവസവും രാത്രി എട്ട് മണിക്കുള്ള ദിനചര്യയായി അത് മാറി. ബോംബാക്രമണങ്ങൾ തീവ്രമാകുന്ന ദിവസങ്ങളിൽ രണ്ടും മൂന്നും തവണ മാർപാപ്പയുടെ വിളിയെത്തി. അവസാനമായി അങ്ങനെയൊരു ഫോൺകോളെത്തിയത് ശനിയാഴ്ചയാണ്. സാധാരണ സ്പാനിഷ് ഭാഷയിൽ സംസാരിക്കുന്ന പോപ്പ് അന്ന് 'നന്ദി' എന്ന് അറബിയിൽ പറഞ്ഞതായി പള്ളിയിലെ പുരോഹിതനായ റവ. ഗബ്രിയേൽ റൊമാനെല്ലി പറയുന്നു. "നന്ദി, നിങ്ങളുടെ സേവനങ്ങൾക്കും പ്രാർത്ഥനകൾക്കും" എന്നായിരുന്നു പോപ്പിന്‍റെ വാക്കുകൾ.
യുദ്ധഭൂമിയിൽ അഭയകേന്ദ്രമായി മാറിയ ആ ദേവാലയം കാലം ചെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഓർമകളിൽ ഇന്ന് വിലാപത്തിലാണ്. ഹോളി ഫാമിലിയിൽ, ആ നല്ല ഇടയനെ അനുസ്മരിച്ച പ്രത്യേക കുർബാനയിൽ നൂറുകണക്കിനുപേർ ഒത്തുകൂടി.
ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗാസയിലെ ആയിരത്തിൽ താഴെ വരുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതായിരുന്നില്ല. ദെെവമല്ലാതെ തങ്ങളെ തുണയ്ക്കാനുണ്ടായിരുന്ന ഒരാളായാണ് ഗാസൻ ജനത പോപ്പ് ഫ്രാൻസിസിനെ വിശേഷിപ്പിക്കുന്നത്. അവസാനമായി ലോകത്തെ അഭിസംബോധന ചെയ്ത ഈസ്റ്റർ സന്ദേശത്തിലും മാർപാപ്പ ഗാസയിലെ സമാധാനത്തിനുവേണ്ടിയാണ് ശബ്ദിച്ചത്. മതസ്വാതന്ത്രമില്ലാതെ ശാശ്വതസമാധാനമില്ല എന്ന് പോപ്പിന്‍റെ വാക്കുകളിൽ ദുരിതമനുഭവിക്കുന്നത് ആരാണെങ്കിലും തന്‍റെ പക്ഷമതാണെന്ന് ആവർത്തിച്ചു. മതാന്തര ബന്ധങ്ങളുടെ വക്താവായി കൊണ്ട് ജൂതവിരുദ്ധതയെ അപലപിച്ച പോപ്പ്, അന്ത്യയാത്രയ്ക്ക് മുൻപ് ബന്ദിമോചനത്തിന് ഹമാസിനോടും ആഹ്വാനം ചെയ്തു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി അചഞ്ചലമായ നിലപാടെടുത്ത വക്താവെന്നാണ് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം മാർപാപ്പയെ വിയോഗശേഷം വിശേഷിപ്പിച്ചത്.
യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റെന്ന് ക്രെെസ്തവ വിശ്വാസികൾ കരുതുന്ന ജറുസലേമിലെ ഹോളി സെപൽച്ചർ പള്ളിയിൽ, ലാറ്റിൻ സമൂഹത്തിന്‍റെ മേലധ്യക്ഷനായ ഫാദർ സ്റ്റെഫാൻ മിലോവിച്ച് വിലാപ പ്രാർഥനകളെ നയിച്ചു.
ഗാസയിലെ ഇസ്രയേലിന്‍റെ സെെനിക നടപടികളുടെ തുറന്ന വിമർശകനായിരുന്നു മാർപ്പാപ്പ. 2024 ഡിസംബറിൽ, ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഒരേ കുടുംബത്തിലെ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ- "കുഞ്ഞുങ്ങൾക്ക് നേരെ തോക്കുചൂണ്ടുന്ന, സ്കൂളുകളിലും ആശുപത്രികളിലും ബോംബിടുന്നത് യുദ്ധമല്ല, ക്രൂരതയാണെന്ന് പറഞ്ഞു അദ്ദേഹം. ഗാസയിലെ വംശഹത്യ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ പക്ഷം സമാധാനത്തിന്‍റേതാണെന്ന് ആവർത്തിക്കുമ്പോഴും പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ കഫിയയിൽ പൊതിഞ്ഞ യേശു ക്രിസ്തുവിനെ വത്തിക്കാനിൽ അനാച്ഛാദനം ചെയ്യുന്നതിന് സാക്ഷിയായ പോപ്പായി ഫ്രാൻസിസ് ഒന്നാമൻ. അന്ന് വത്തിക്കാനിൽ ക്ഷണിക്കപ്പെട്ട പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്- "പലസ്തീൻ ജനതയ്ക്ക് നഷ്ടപ്പെട്ടത് വിശ്വസ്തനായ ഒരു സുഹൃത്തിനെയാണ്" എന്ന് പോപ്പിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പറഞ്ഞു.