സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുൻപിലോ, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിലോ ഹാജരായി ജാമ്യമെടുക്കുകയാണ് ദിവ്യക്ക് അടുത്തതായി ചെയ്യാനുള്ളത്
രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് രാഷ്ട്രീയ കേരളം. വയനാട്ടിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവോട് കൂടി ദേശീയ തലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ ഭൂമികയായി കേരളം ശ്രദ്ധിക്കപ്പെടുമ്പോൾ ഭരണകക്ഷിയായ എൽഡിഎഫ് സർക്കാർ വിവാദങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുകയാണ്.
കേരള പൊലീസിലെ ക്രിമിനലുകളെ കുറിച്ചും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സ്വർണക്കടത്ത് സംഘവും തമ്മിൽ നിഗൂഢമായ ഇടപാടുകൾ ഉണ്ടെന്നുമുള്ള പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകളാണ് ആദ്യം ഇടതു മുന്നണിയെ പിടിച്ചുകുലുക്കിയത്. അൻവറിനെ മുന്നണിയിൽ നിന്നും മാറ്റിനിർത്തി വിവാദങ്ങളുടെ മുനയൊടിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കിടെയാണ്, അടുത്ത വെള്ളിടിയായി കണ്ണൂരിലെ എഡിഎം നവീൻ ബാബുവിൻ്റെ മരണ വാർത്ത ഇടതു കേന്ദ്രങ്ങളിലെത്തുന്നത്. പ്രതിസ്ഥാനത്ത് വന്നത് കണ്ണൂരിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പി.പി. ദിവ്യയായിരുന്നു.
പി.പി. ദിവ്യയെ തള്ളി സർക്കാരും ഇടതു മുന്നണിയും നവീൻ ബാബുവിൻ്റെ കുടുംബത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അധികാര കേന്ദ്രങ്ങളിലുള്ള ഇടതു നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുന്നത് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകുമെന്നാണ് അവരുടെ പ്രധാന ആശങ്ക.
ദിവ്യ എവിടെ? രഹസ്യ കവചമൊരുക്കുന്നതാര്?
തലശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കേരളക്കരയുടെ ശ്രദ്ധ ഇപ്പോൾ പി.പി. ദിവ്യയിലേക്കും കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിലേക്കും തിരിച്ചെത്തിയിരിക്കുകയാണ്. പി.പി. ദിവ്യ എവിടെ പോയി? എഡിഎമ്മിൻ്റെ മരണത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വാദിക്കുന്ന ദിവ്യയെ പിടികൂടാൻ ആഴ്ചകളോളമായി, 'രാജ്യത്തെ മികച്ച പൊലീസ് സേന'യെന്ന് മുഖ്യമന്ത്രി നിരന്തരം പുകഴ്ത്തുന്ന കേരള പൊലീസ് ശ്രമം നടത്തുന്നുണ്ട്. തെരച്ചിൽ ഊർജിതമാണെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ നിന്ന് ദിവ്യയെ പൊക്കാനുള്ള പാങ്ങൊന്നും ഈ സേനയ്ക്കില്ല എന്നതാണ് വാസ്തവം.
തെരഞ്ഞെടുപ്പ് സമയത്ത് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുന്നത് തിരിച്ചടിയാകുമോയെന്ന് പാർട്ടിക്ക് സംശയമുണ്ടാകുമെന്നതും സ്വാഭാവികം മാത്രം. നേരത്തെ ദിവ്യയെ തള്ളിപ്പറഞ്ഞ് ഇടതു സർക്കാരും, സിപിഎം സംസ്ഥാന, ജില്ലാ കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. അതോടൊപ്പം ജില്ലാ കമ്മിറ്റിയിൽ നിന്നും തരം താഴ്ത്തുകയും ചെയ്തിരുന്നു. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.