ഇടത് മനസ് കൊണ്ടുനടന്നയാൾ പൂർണമായും ഇടതായി മാറി, സിപിഎം മെമ്പർഷിപ്പിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട്: പി. സരിന്‍

സരിന്‍റെ പാർട്ടി അംഗത്വത്തെ സംബന്ധിച്ച് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും തീരുമാനമുണ്ടാകുക
ഇടത് മനസ് കൊണ്ടുനടന്നയാൾ പൂർണമായും ഇടതായി മാറി, സിപിഎം മെമ്പർഷിപ്പിന് അതിന്‍റേതായ  നടപടിക്രമങ്ങളുണ്ട്: പി. സരിന്‍
Published on

സിപിഎമ്മില്‍ ചേരുന്നുവെന്ന വാർത്തകള്‍ വന്നതിനു പിന്നാലെ പ്രതികരിച്ച് പി. സരിന്‍. ഇടത് മനസ് കൊണ്ടുനടന്നയാൾ പൂർണമായും ഇടതായി മാറി എന്നായിരുന്നു പി. സരിന്‍റെ പ്രതികരണം. പാർലമെൻ്ററി വ്യാമോഹം കൊണ്ടുനടക്കുന്ന ആളല്ല താനെന്നും സരിന്‍ വ്യക്തമാക്കി.

"ഞാന്‍ കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് ഇടതുപക്ഷക്കാരനായത്. ആ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനം തുടരുന്നതിനു തന്നെയാണ് പാർട്ടിയുടെ നിർദേശവും. അപ്പോള്‍ സ്വാഭാവികമായിട്ടും, ഇടത് മനസ് കൊണ്ടുനടന്നിരുന്ന ഒരാള്‍ പൂർണമായി ഇടതുപക്ഷക്കാരനായി. സ്ഥാനാർഥിത്വത്തിന്‍റെ ജയപരാജയങ്ങള്‍ക്ക് അപ്പുറം പൊളിറ്റിക്സിന് ഒരു കണ്ടിന്യുവിറ്റിയുണ്ടല്ലോ...", സരിന്‍ പറഞ്ഞു. ഇടതുപക്ഷമാണ് ശരി എന്ന രാഷ്ട്രീയത്തിന്‍റെ എല്ലാത്തരം തുടർച്ചയ്ക്കും വേണ്ടി നിലകൊള്ളുക എന്നതാണ് തന്‍റെ ഉത്തരവാദിത്തമെന്നും അത് തുടരുമെന്നും സരിന്‍ കൂട്ടിച്ചേർത്തു.

Also Read: 'പാർട്ടി സ്വതന്ത്രൻ പാർട്ടിയായി'; സരിനെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

പാലക്കാട് ജില്ലാ കമ്മിറ്റിയിൽ എടുത്തു എന്ന വാർത്തകളോടും സരിന്‍ പ്രതികരിച്ചു. അത് പാർട്ടിയെ പറ്റി അറിയാത്തവർ പറയുന്നതാണെന്നായിരുന്നു സരിന്‍റെ പ്രതികരണം. സിപിഎം മെമ്പർഷിപ്പിന് അതിന്‍റേതായ നടപടിക്രമങ്ങൾ ഉണ്ട്. പാർട്ടി മെമ്പർഷിപ്പിന് രണ്ടുകൊല്ലം കാത്തിരിക്കണമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും പി. സരിന്‍ പറഞ്ഞു.

സരിന്‍റെ പാർട്ടി അംഗത്വത്തെ സംബന്ധിച്ച് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും തീരുമാനമുണ്ടാകുക. ഇന്ന് രാവിലെ എകെജി സെൻ്ററിലെത്തിയ സരിന്‍ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്. 'പാർട്ടി സ്വതന്ത്രൻ പാർട്ടിയായി' എന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം. സരിനെ പാർട്ടിയുടെ ഏത് ഘടകത്തിൽ എടുക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com