വി.ഡി സതീശന് തോൽവി മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തി; ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ല; പി.വി. അന്‍വര്‍

പാലക്കാട്‌ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനമെടുക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
വി.ഡി സതീശന് തോൽവി മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തി; ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ല; പി.വി. അന്‍വര്‍
Published on

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് വിഷയത്തിലെ വി.ഡി സതീശന്റെ പ്രതികരണത്തിനെതിരെ പി.വി അന്‍വര്‍. തോൽവി മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണത്തിന് പിന്നിലുള്ളതെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാലക്കാട്‌ ബിജെപി ജയിക്കാൻ പോകുകയാണെന്ന വികാരം പ്രതിപക്ഷ നേതാവിന് ഉണ്ടായി കഴിഞ്ഞു. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കില്ല. പാലക്കാട്‌ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനമെടുക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

പാലക്കാട് സ്ഥാനാർഥിയെ പിൻവലിക്കാം പക്ഷേ പകരം ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് കോൺഗ്രസ് തന്റെ സ്ഥാനാർഥി എൻ.കെ സുധീറിന് പിന്തുണ തരണം എന്നായിരുന്നു അന്‍വറിന്‍റെ ആവശ്യം. എന്നാല്‍ അന്‍വറിന്‍റെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളിയിരുന്നു. അൻവർ അമ്മാതിരി തമാശയൊന്നും പറയേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ്. വി.ഡി. സതീശൻ്റെ പരിഹാസം. നിലമ്പൂരിനും ഏറനാടിനും പുറത്ത് അൻവറിന് ജനപിന്തുണയില്ലെന്ന് കെ. മുരളീധരനും പ്രതികരിച്ചിരുന്നു.

പി.വി അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തോൽവി മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണത്തിന് പിന്നിലുള്ളത്.
ഇന്നലെ പാലക്കാട് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന് ശേഷമാണ് സതീശന് ഹാലിളകിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും ഡിസിസിയുടേയും തീരുമാനത്തിന് വിരുദ്ധമായി സതീശന്റെയും ഷാഫിയുടെയും വ്യക്തിപരമായ താല്പര്യത്തിന് വിധേയമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് കെട്ടിയിറക്കുന്നത്.

നേരത്തേ പാലക്കാട് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് ഡോക്ടർ സരിനെയായിരുന്നു. ഷാഫി വടകരയിൽ എംപിയായതോടെ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിനോട് നിശ്ചിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു. അവിടെ സ്ഥാനാർഥിയായി സരിനെ തീരുമാനിച്ചതുമായിരുന്നു. അതിൽനിന്നും പിൻവാങ്ങിയതുകൊണ്ടാണ് സരിൻ മറുകണ്ടം ചാടിയത്. ഇതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരടക്കം നൽകുക തങ്ങളുടെ വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ടായിരിക്കും. പാലക്കാട് ബിജെപി ജയിക്കാൻ പോവുകയാണ് എന്ന വികാരം പ്രതിപക്ഷ നേതാവിന് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിൽനിന്നു മാത്രമല്ല, സിപിഎമ്മിൽനിന്നും വോട്ടുകൾ ബിജെപി സ്ഥാനാർഥിക്ക്പോകും. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞദിവസം സംസാരിച്ച് ചായകുടിച്ചാണ് പിരിഞ്ഞത്. അന്നൊന്നുമില്ലാത്ത നിലപാട് ഇപ്പോള് പ്രകോപിതനായി പറയാൻ കാരണം പാലക്കാട്ടെ പരാജയമാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം അൻവറിലേക്കും ഡിഎംകെയിലേക്കും ചാർത്തി സ്വന്തം തടിയൂരാനുള്ള ശ്രമമാണ് സതീശന്റെ പ്രകോപനത്തിന് പിന്നിൽ.

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ തയാറായാൽ പിന്തുണക്കാം എന്നത് രാഷ്ട്രീയ തീരുമാനമാണ്. അത് പറയാൻ ആർക്കും അവകാശമുണ്ട്. പാലക്കാട് തങ്ങൾ നൽകുന്ന പിന്തുണയ്ക്ക് പകരം ചേലക്കരയിൽ തിരിച്ചും പിന്തുണവേണമെന്നതും ന്യായമായ ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പുലർത്തേണ്ട മാന്യമായ പ്രതികരണം പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീ അപക്വത കൊണ്ടുമാത്രമാണ്. അതിൽ നമുക്ക് അദ്ദേഹത്തോട് സഹതപിക്കാമെന്നു മാത്രം.

കോൺഗ്രസിന്റെ തീരുമാനം പറയേണ്ടത് പ്രതിപക്ഷ നേതാവല്ലല്ലോ. അത് പറയേണ്ടത് കെ.സുധാകരനാണ്. അദ്ദേഹമാണ് പ്രസിഡണ്ട്. സുധാകരൻ പറഞ്ഞത് വാതിലടച്ചിട്ടില്ലെന്നുതന്നെയാണ്. അതാണ് പക്വതയുടെ ശബ്ദം. അതാണ് സതീശന് ഇല്ലാതെപോയതും. പ്രിയങ്കാ ഗാന്ധിക്കുള്ള പിന്തുണ എന്നത് ഡിഎംകെയുടെ രാഷ്ട്രീയ തീരുമാനമാണ്. അത് വിശാലനായ പൊതു താൽപര്യത്തെ മുൻനിര്ത്തിയുള്ളതുമാണ്. അത് സതീശന് മനസ്സിലാകണമെന്നില്ല. കേരളത്തിൽ ഉയർന്നുവന്ന നിരവധി ജനകീയ പ്രശ്നങ്ങളിൽ ഈ പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെന്താണ് ?
ജപ്തി നടപടികൾ നിർത്തിവെക്കാൻ ബില്ല് കൊണ്ടുവന്നു.ആരുടെ ജപ്തിയാണ് അത് തടഞ്ഞത് ? ആശപുത്രികളിൽ ഇൻഷുറൻസ് ആനുകൂല്യങ്ങളോ മരുന്നുകളോ ലഭ്യമല്ല, റിദാൻബാസിൽ വിഷയത്തിൽ, അബ്ദുൽ സത്താർ തൂങ്ങിമരിച്ച ദുരന്തത്തിൽ, സിന്ദീപാനന്ദഗിരി ആശ്രമത്തിലെ ഇടപെടൽ,  കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളമുൾപ്പെടെയുള്ള കത്തുന്ന വിഷയങ്ങളിൽ ഈ പ്രതിപക്ഷ നേതാവ് എവിടെയാണ്.

ചേലക്കരയിൽ സുധീറിന്റെ സ്ഥാനാർഥിത്വത്തിൽ മാറ്റമില്ല. പാലക്കാടിന്റെ കാര്യം ഗൗരവമായി ബുധനാഴ് ചേരുന്ന കൺവൻഷനിൽ ആലോചിക്കും. പ്രിയങ്കാ ഗാന്ധിക്ക് കൊടുത്ത പിന്തുണയെന്നത് ഇന്ത്യാമുന്നണിയെ സഹായിക്കേണ്ട വിശാലമായ കടമയുടെ ഭാഗമാണ്. ഇതൊന്നും ആമാശയത്തിന്റെ വിഷയമല്ല ആശയവിഷയമാണ്. അത് ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. അത് ഏതെങ്കിലം തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല; അത് മനുഷ്യരുമായി ബന്ധപ്പെട്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com