ഇന്നലെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ മണിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം വൈകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണെന്ന ആരോപണവും പി.വി. അൻവർ ഉയർത്തുന്നുണ്ട്
നിലമ്പൂരിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ച് പി.വി. അൻവറിൻ്റെ പാർട്ടി ഡിഎംകെ. വന്യമൃഗ ആക്രമണത്തിൽ നിന്നും സുരക്ഷ നൽകുന്നതിൽ വനംവകുപ്പ് വലിയ വീഴ്ചയാണെന്നാരോപിച്ചാണ് ഉപരോധം. ഇന്നലെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ മണിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം വൈകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണെന്ന ആരോപണവും പി.വി. അൻവർ ഉയർത്തുന്നുണ്ട്.
ഡിഎംകെയുടെ നേതൃത്വത്തിൽ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിനകത്ത് കയറിയുള്ള പ്രതിഷേധം അക്രമാസക്തമാവുകയാണ്. ഓഫീസിനകത്തെ ജനൽ ചില്ലുകൾ, കസേര എന്നിവ പ്രതിഷേധക്കാർ അടിച്ചു തകർത്തു. പാർട്ടിക്കാർ ഓഫീസിന്റെ പൂട്ടും അടിച്ചു തകർത്തിട്ടുണ്ട്. ഡിഎഫ്ഒ ഓഫീസിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
ALSO READ: വീണ്ടും കാട്ടാനക്കലി; മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മലപ്പുറം നിലമ്പൂർ കരുളായിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്. യുവാവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മണിയുൾപ്പെടെ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആറ് പേർ ഒരുമിച്ച് സഞ്ചരിക്കുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന അഞ്ച് പേർ ഓടി രക്ഷപ്പെട്ടെങ്കിലും മണിയെ ആന ആക്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വിട്ടു നൽകും.
ALSO READ: കാട്ടാനഭീതിയിൽ ഇടുക്കി; ഒരു വർഷത്തിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് പേർ
അതേസമയം മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൻ്റെ തോത് കുറഞ്ഞു വരികയാണെന്നാണ് മന്ത്രിയുടെ പക്ഷം. മരണ നിരക്ക് കുറച്ചു കൊണ്ടുവരാൻ ആണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും മന്ത്രി പറയുന്നു.