ശനിയാഴ്ച മാത്രം ഗാസയില്‍ കൊല്ലപ്പെട്ടത് 44 പലസ്തീനികളാണ്
ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ശ്രമങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചതായി അറിയിച്ച് ഖത്തർ. ഗാസയിലെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇരുപക്ഷവും ചർച്ചക്ക് സന്നദ്ധമായി വിഷയത്തെ ഗൗരവത്തിൽ കാണുമ്പോൾ സമവായശ്രമം പുനരാരംഭിക്കാമെന്ന് ഖത്തർ വ്യക്തമാക്കി. ഇരുപക്ഷവും 'രാഷ്ട്രീയ സന്നദ്ധത' പ്രകടിപ്പിച്ചാൽ ഖത്തർ മധ്യസ്ഥ ശ്രമങ്ങളിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന് മറ്റൊരു സുപ്രധാന മധ്യസ്ഥരായ ഈജിപ്തും അറിയിച്ചു. ഖത്തറിന്‍റെ പിന്മാറ്റത്തിനു പിന്നില്‍ യുഎസിന്‍റെ ഇടപെടലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഖത്തർ ഇത്തരം വാദങ്ങള്‍ തള്ളി.
ഗാസയിലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ആദ്യഘട്ടം മുതൽ നയതന്ത്ര ചർച്ചക്ക് മുൻകൈയ്യെടുത്ത ഖത്തറാണ് ഇപ്പോൾ പിന്മാറുന്നതായി വ്യക്തമാക്കിയത്. ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. "ഹമാസും ഇസ്രയേലും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ മധ്യസ്ഥത വഹിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ തടസപ്പെടുമെന്ന് 10 ദിവസം മുമ്പ് ഖത്തർ അവസാന ശ്രമം എന്ന നിലയില്‍ കക്ഷികളെ അറിയിച്ചിരുന്നു", ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു.
ഹമാസിൻ്റെ ഖത്തറിലെ ഓഫീസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്തകൾ കൃത്യമല്ലെന്നും ഖത്തർ വിശദീകരിച്ചു. ഖത്തർ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് പിന്മാറുമ്പോൾ തലസ്ഥാനത്തുള്ള ഹമാസിൻ്റെ രാഷ്ട്രീയകാര്യ ഓഫീസിൻ്റെ ആവശ്യകതയെന്താണെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അങ്ങനെയല്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദോഹയിൽ നിന്ന് സംഘടനയെ പുറത്താക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും സമ്മർദ്ദ തന്ത്രവുമാണെന്ന് ഹമാസും അറിയിച്ചു.
ഗാസയിലെ വെടിനിർത്തല്‍ ശ്രമങ്ങള്‍ പുരോഗമിക്കാത്തതില്‍ ഹമാസിനോടും ഇസ്രയേലിനോടും ഖത്തറിന് കടുത്ത അതൃപ്തിയാണുള്ളത്. ബന്ദികളെ കൈമാറുന്നതിനടക്കം മധ്യസ്ഥതരെന്ന നിലയില്‍ വലിയ പങ്ക് ഖത്തർ വഹിച്ചിരുന്നു. കഴിഞ്ഞ വർഷം 200 ഓളം ബന്ദികളെയാണ് ഖത്തറിന്‍റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചത്. എന്നിരുന്നാലും, അടുത്തിടെ കെയ്‌റോയിൽ നടന്ന മീറ്റിങ്ങുകളില്‍ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതിനെത്തുടർന്നാണ് ദോഹയിലെ അവരുടെ തുടർ സാന്നിധ്യം ഇനി പ്രായോഗികമോ സ്വീകാര്യമോ അല്ലെന്ന നിലപാടിലേക്ക് ഖത്തർ എത്തിയതെന്നായിരുന്നു ഖത്തർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച മാധ്യമ വാർത്തകള്‍.
അതേസമയം, ഗാസയിലെ സംഘർഷങ്ങള്‍ ശക്തമായിരിക്കുകയാണ്. ശനിയാഴ്ച മാത്രം ഗാസയില്‍ കൊല്ലപ്പെട്ടത് 44 പലസ്തീനികളാണ്. വെള്ളിയാഴ്ച ,വടക്കന്‍ ഗാസയിലെ സ്കൂളിനു നേരെ നടന്ന മറ്റൊരു ആക്രമണത്തില്‍ ആറ് പലസ്തീനികളും രണ്ട് മാധ്യമപ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. അഭയാർഥി ക്യാംപായി പ്രവർത്തിച്ചു വന്നിരുന്ന സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്.
2023 ഒക്‌ടോബർ 7 ശേഷം ഗാസയിലെ ഇസ്രയേല്‍ വംശഹത്യയിൽ കുറഞ്ഞത് 43,552 പലസ്തീനികൾ കൊല്ലപ്പെടുകയും 102,765 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിനു തിരിച്ചടി എന്ന വിധത്തിലാണ് പ്രദേശത്തെ ആക്രമണങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കിയത്. ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രയേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200ലധികം പേർ ബന്ദികളാകുകയും ചെയ്തു.