ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കേണ്ട ഏക്കർ കണക്കിന് ഭൂമിയാണ് വിറ്റഴിക്കുന്നത്
അട്ടപ്പാടിയിൽ രജിസ്ട്രേഷൻ വകുപ്പിന്‍റെ അന്വേഷണം അട്ടിമറിച്ച് ഭൂമി വിൽപ്പന സജീവം. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചുള്ള ഭൂമി വില്പനയെക്കുറിച്ചുള്ള അന്വേഷണമാണ് അട്ടിമറിച്ചത്. അന്വേഷണത്തെ പ്രഹസനമാക്കി കൊണ്ടാണ് വ്യാപകമായി ഭൂമി വിൽപന നടക്കുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കേണ്ട ഏക്കർ കണക്കിന് ഭൂമിയാണ് വിറ്റഴിക്കുന്നത്.
റവന്യൂ - രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി വില്പന വ്യാപകമായി നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. അട്ടപ്പാടിയിൽ ഭൂപരിഷ്‌കരണ നിയമ പ്രകാരം ഏറ്റെടുക്കേണ്ട ഭൂമി, വൻതോതിൽ വില്പന നടത്തുന്നുവെന്ന് പരാതി ഉയർന്നതോടെയാണ് സംഭവം അന്വേഷിക്കാൻ രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐജിയെ ചുമതലപ്പെടുത്തിയത്.
ALSO READ: കൈക്കൂലി വാങ്ങി; കൊച്ചി കോർപ്പറേഷനിലെ 10 ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ റെഡ് പോയിൻ്റിൽ
മണ്ണാർക്കാട് ജന്മിയായിരുന്ന മൂപ്പിൽ നായരുടെ തണ്ടപേരിലുളള കോട്ടത്തറ വില്ലേജിലെ ഭൂമിയാണ് കുടുംബാംഗങ്ങൾ വില്പന നടത്തിയത്. ഭൂപരിഷ്കരണ നിയമം പാലിക്കാതെയാണ് വില്പനയെന്ന് ആധാരം എഴുത്തുകാരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എന്നാൽ അന്വേഷണം പൂർത്തിയാകും മുൻപേ റവന്യൂ - രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ഇതേ തണ്ടപേരിലുള്ള ഭൂമി വില്പന തുടരുകയാണ്.
അഗളി സബ് രജിസ്റ്റാർ ഓഫീസിൽ ഏപ്രിൽ 29 ന് 19 ആധാരങ്ങളും, മെയ് രണ്ടിന് 22 ആധാരങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുപ്പതോളം ആധാരങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞദിവസവും നടന്നു. കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1819, 762, 524, 404, 1275 എന്നിവയിൽ ഉൾപ്പെട്ട സ്ഥലമാണ് വിൽപ്പന നടത്തിയിട്ടുള്ളത്. അന്വേഷണം പൂർത്തിയാകും വരെ മൂപ്പിൽ നായരുടെ തണ്ടപ്പേരിലുള്ള ഭൂമി വിൽപന മരവിപ്പിക്കാൻ അധികൃതരും തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ALSO READ: കേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം
ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാൻ അവകാശമുള്ളത്. എന്നാൽ മൂപ്പിൽ നായരുടെ കുടുംബത്തിൽപ്പെട്ടവർ അട്ടപ്പാടിയിലെ നൂറ് കണക്കിന് ഏക്കർ ഭൂമിയിൽ അവകാശമുണ്ടെന്നും, ഇതിന് കോടതിയുടെ അനുകൂല ഉത്തരവുണ്ടെന്നും വ്യക്തമാക്കിയാണ് വില്പന നടത്തുന്നത്.