ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ മൂന്നാം ദിനം കീപ്പിങ് ചെയ്യുന്നതിനിടെ പന്തു കൊണ്ട് കാൽമുട്ടിന് പരുക്കേറ്റ് താരം വിശ്രമത്തിലായിരുന്നു
കാൽമുട്ടിലെ പരുക്ക് വകവെക്കാതെ തകർപ്പൻ ഇന്നിങ്സുമായി കളിച്ച് ധോണിയുടെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്. ടെസ്റ്റിൽ അതിവേഗം 2500 റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായാണ് പന്ത് മാറിയത്. 62 ഇന്നിങ്സുകളിൽ നിന്നാണ് ഹരിദ്വാറിലെ റൂർക്കി സ്വദേശിയായ യുവതാരം ഈ നാഴികക്കല്ല് പിന്നിട്ടത്.
നേരത്തെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 69 ഇന്നിങ്സുകളിൽ നിന്നാണ് ധോണി 2500 എന്ന നാഴികക്കല്ലിലേക്ക് എത്തിയിരുന്നത്.
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ മൂന്നാം ദിനം കീപ്പിങ് ചെയ്യുന്നതിനിടെ പന്തു കൊണ്ട് കാൽമുട്ടിന് പരുക്കേറ്റ് താരം വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് പുറത്തായ വിരാട് കോഹ്ലിക്ക് പകരം റിഷഭ് പന്ത് സർഫറാസിനൊപ്പം ക്രീസിലെത്തിയത്.
ALSO READ: അതിഗംഭീര തിരിച്ചുവരവ്, ലീഡിലേക്ക് കുതിച്ച് ഇന്ത്യ
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 107 മീറ്റർ ദൂരത്തേക്ക് കൂറ്റൻ സിക്സർ പറത്തിയതിന് തൊട്ടുപിന്നാലെയാണ് പുറത്തായത്. വില്യം ഒറൂർക്കെയുടെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് പുറത്താകുമ്പോൾ സെഞ്ചുറിക്ക് ഒരു റൺസ് മാത്രമകലെയായിരുന്നു റിഷഭ് പന്ത്. സെഞ്ചുറി നേടാനാകാതെ നിരാശനായാണ് താരം പവലിയനിലേക്ക് മടങ്ങിയത്. സഹതാരങ്ങളുടെ മുഖത്തും നിരാശ തെളിഞ്ഞു കാണാമായിരുന്നു.
അതേസമയം, മൂന്നാം സെഷനിൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിൻ്റെ ത്രില്ലിലാണ് ന്യൂസിലൻഡ്. സർഫറാസ് ഖാൻ (150), റിഷഭ് പന്ത് (99), കെ.എൽ. രാഹുൽ (12), രവീന്ദ്ര ജഡേജ (2) എന്നിവരാണ് പുറത്തായത്.