പാകിസ്ഥാന്‍ രാജ്യത്തെ ആക്രമിക്കുമ്പോള്‍ മോഹന്‍ലാല്‍ ജമാഅത്തെ ഇസ്ലാമി പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു ആര്‍എസ്എസ് മുഖവാരിക ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആരോപണം
നടൻ മോഹൻലാലിന് എതിരായ ലേഖനം പിൻവലിച്ച് ആര്‍എസ്എസ് മുഖവാരിക ഓർഗനൈസർ. പാകിസ്ഥാന്‍ രാജ്യത്തെ ആക്രമിക്കുമ്പോള്‍ മോഹന്‍ലാല്‍ ജമാഅത്തെ ഇസ്ലാമി പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു ലേഖനത്തിലെ ആരോപണം. ലേഖനത്തിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്. പിന്നാലെ ഓർഗനൈസർ ഇത് പിൻവലിക്കുകയായിരുന്നു.
ഷാർജയിൽ നടന്ന ഗള്‍ഫ് മാധ്യമത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് മോഹൻലാലിനെതിരെ ആർഎസ്എസ് മുഖവാരിക ഓർഗനൈസർ കടുത്ത വിമർശനമുന്നയിച്ചത്. പ്രധാനമായും മൂന്ന് കര്യങ്ങളിലൂന്നിയായിരുന്നു നടനെതിരായ ലേഖനത്തിലെ വിമർശനങ്ങൾ. മോഹൻലാൽ അഭിനയിച്ച ചിത്രം എമ്പുരാൻ ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,രണ്ടാമതായി, പാകിസ്ഥാന്‍ രാജ്യത്തെ ആക്രമിക്കുമ്പോള്‍ മോഹന്‍ലാല്‍ ജമാ അത്തെ ഇസ്ലാമി പരിപാടിയില്‍ പങ്കെടുത്തു. ഒരു 'ദേശവിരുദ്ധ' സംഘടനയുടെ പരിപാടിയിൽ എത്തി പുരസ്കാരം ഏറ്റുവാങ്ങി. മൂന്നാമതായി ലഫ്റ്റനന്റ് കേണല്‍ പദവിലിയിരിക്കെ ജമാ അത്ത് ഇസ്ലാമിന്റെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്. കടുത്ത വിമർശനത്തിനൊപ്പം, മോഹന്‍ലാലിന്റെ ലഫ്റ്റനൻ്റ് കേണൽ ഓണററി സൈനിക പദവി പിന്‍വലിക്കണമെന്ന ആവശ്യം പലയിടങ്ങളിൽ നിന്നായി ഉയര്‍ന്നിട്ടുണ്ടെന്ന അവകാശവാദവും ലേഖനം ഉന്നയിച്ചു.
ലേഖനത്തിനെതിരെ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തി. മോഹൻലാൽ തുടരും എന്ന വാചകത്തോടെ, സൈനിക വേഷത്തിലുള്ള ചിത്രം പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന് പിന്തുണയറിയിച്ചു. കലാകാരന്മാരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുമ്പോൾ എങ്ങനെ മൗനം പാലിക്കാനാകുമെന്നായിരുന്നു കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ചോദ്യം. വിവാദം കടുത്തതോടെ ഓർഗനൈസറിന്റെ വെബ്സൈറ്റിൽ നിന്ന് ലേഖനം പൂർണമായും നീക്കം ചെയ്തു.
സാമൂഹ്യ സംഘടനയാണെന്ന് ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നുണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം അങ്ങനെ അല്ലെന്നും വിദേശ ഭീകരരെ മഹത്വവത്കരിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്നും ലേഖനം പരാമർശിക്കുന്നു. യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. മോഹന്‍ലാലിനെ ക്ഷണിച്ചത് പ്രത്യേകമായ ഒരു അജണ്ഡയുടെ ഭാഗമായിട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഓർഗനൈസറിൽ വിമർശനം. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ലഭിച്ചാല്‍ വേണമെങ്കിൽ പാകിസ്ഥാനില്‍ നിന്നുള്ള അംഗീകാരം മോഹൻലാൽ സ്വീകരിക്കുമോ എന്ന് ചിലർ ചോദിക്കുന്നു എന്നത് അടക്കം രൂക്ഷ വിമർശനങ്ങളാണ് ഓർഗനൈസറിൻ്റെ ലേഖനത്തിലുള്ളത്.
നേരത്തെ മോഹന്‍ലാല്‍ നായകനായ എംപുരാന്‍ സിനിമയ്‌ക്കെതിരെയും സംവിധായകൻ പൃഥ്വിരാജിനെതിരെയും ഓര്‍ഗനൈസര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഇസ്ലാമിക ഭീകരതയെ അനുകമ്പയോടെ ചിത്രീകരിക്കുന്ന സിനിമയാണ് എംപുരാൻ എന്നടക്കം സൂചിപ്പിച്ചായിരുന്നു ആര്‍എസ്എസ് മുഖവാരികയിലെ വിമർശനം.