
റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) പ്രയോഗിച്ചെന്ന് യുക്രെയ്ൻ. മോസ്‌കോയുടെ ആണവ സിദ്ധാന്തം വ്‌ളാഡിമിർ പുടിൻ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ നടപടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ യുക്രെയ്ൻ പ്രകോപനത്തിന് മറുപടിയായാണ് റഷ്യയുടെ പ്രത്യാക്രമണമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ 33 മാസമായി നീണ്ടു നിൽക്കുന്ന യുദ്ധം കൂടുതൽ സങ്കീർണമാകുകയാണ്. അമേരിക്കൻ നിർമിത അറ്റാക്കംസ് മിസൈലുകളും ഫ്രഞ്ച് നിർമിത സ്റ്റോം ഷാഡോ മിസൈലുകളുമാണ് കഴിഞ്ഞദിവസങ്ങളിൽ യുക്രെയ്ൻ പ്രയോഗിച്ചത്.
ഇതിന് പിന്നാലെയാണ് റഷ്യ യുക്രെയ്നിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതെന്നാണ് യുക്രെയ്‌നിന്റെ വാദം. യുക്രെയ്നിലെ നിപ്രോയിലേക്കാണ് റഷ്യ ആക്രമണം നടത്തിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ മിസൈൽ റഷ്യ യുക്രെയ്നിലേക്ക് പ്രയോഗിക്കുന്നത്. ആണവശേഷിയില്ലാത്ത മിസൈലുകളാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ന് രാവിലെയാണ് മധ്യ യുക്രെയ്ൻ നഗരമായ നിപ്രോയിൽ റഷ്യൻ സൈന്യം മിസൈലുകൾ വിക്ഷേപിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും, മോസ്‌കോ വിക്ഷേപിച്ച ആറ് മിസൈലുകൾ വിജയകരമായി തകർത്തുവെന്നും യുക്രെയ്ൻ വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു. അതിൽ റഷ്യൻ ഐസിബിഎം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ വ്യോമാക്രമണത്തിൽ നഗരത്തിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നിപ്രോയിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുനരധിവാസ കേന്ദ്രവും, വ്യവസായ സമുച്ചയവും തകർന്നതായും റിപ്പോർട്ടുകളുണ്ട്. ആളപായമോ പരുക്കുകള്‍ സംബന്ധിച്ച വിവരങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഐസിബിഎം വിക്ഷേപണത്തെപ്പറ്റി റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ നിലവിൽ പ്രതികരിക്കാനില്ലെന്നാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചത്.
എന്നാൽ ഇത് ഐസിബിഎം അല്ലെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ ഈ ആക്രമണത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി. മിസൈലിൻ്റെ വേഗതയും മറ്റും കണക്കിലെടുത്താണ് ഐസിബിഎം എന്ന നിഗമനത്തിലെത്തിയതെന്നും സെലൻസ്കി വ്യക്തമാക്കി.