ഫോണിൽ ചർച്ച നടത്തി ട്രംപും സെലൻസ്കിയും; സർപ്രൈസ് എൻട്രിയുമായി മസ്ക്

യുക്രെയ്ന് അനുവദിച്ച സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനത്തിന് സെലൻസ്കി മസ്കിനോട് ഫോണിൽ നന്ദി പറഞ്ഞു
ഫോണിൽ ചർച്ച നടത്തി ട്രംപും സെലൻസ്കിയും; സർപ്രൈസ് എൻട്രിയുമായി മസ്ക്
Published on

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള സംഭാഷണത്തിനിടെ എലോൺ മസ്കിന്റെ സർപ്രൈസ് എൻട്രി. ട്രംപ് - സെലൻസ്കി സംഭാഷണത്തിനിടെ ട്രംപ്, എലോൺ മസ്കിന് ഫോൺ കൈമാറി. യുക്രെയ്ന് അനുവദിച്ച സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനത്തിന് സെലൻസ്കി, മസ്കിനോട് ഫോണിൽ നന്ദി പറഞ്ഞു.

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപിന് വേണ്ടി എലോൺ മസ്ക് സജീവ പ്രചാരണം നടത്തിയിരുന്നു. ട്രംപിൻ്റെ രണ്ടാമൂഴത്തിൽ മസ്കിനുള്ള പ്രാധാന്യം വ്യാപക ചർച്ചയാകുകയും ചെയ്തു. അതിനിടെയാണിപ്പോൾ ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ട്രംപ് മസ്കിന് ഫോൺ കൈമാറിയത് വലിയ വാർത്താപ്രാധാന്യം നേടുന്നത്. ട്രംപ് സെലൻസ്കിയുമായി സംസാരിക്കുന്നതിനിടെ മസ്ക് മുറിയിലേക്ക് കയറിവന്നുവെന്നാണ് റിപ്പോർട്ടുകൾ. 25 മിനിറ്റുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് ഫോൺ മസ്കിന് കൈമാറി. തുടർന്നാണ് സെലൻസ്കിയും മസ്കും ഫോണിൽ സംസാരിച്ചത്.

യുക്രെയ്ന് മസ്ക് അനുവദിച്ച സാറ്റലൈറ്റ്‌ ഇൻ്റർനെറ്റ് സേവനത്തിന് സെലൻസ്കി നന്ദി അറിയിച്ചെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. യുഎസ് ഭരണകൂടത്തിൻ്റേയും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഫണ്ടിങ് ഉറപ്പാക്കിക്കൊണ്ടാണ് യുക്രെയ്ന് സാറ്റലൈറ്റ്‌ സംവിധാനം മസ്ക് ലഭ്യമാക്കിയത്. സാറ്റലൈറ്റ്‌ ഇൻ്റർനെറ്റ് സേവനം തുടർന്നും യുക്രെയ്ന് ലഭ്യമാക്കുമെന്ന് മസ്ക് സംഭാഷണത്തിൽ വ്യക്തമാക്കിയെന്നും റിപ്പോർട്ടിലുണ്ട്. യുക്രെയ്ന് അമേരിക്ക നൽകുന്ന പിന്തുണ തുടരുമെന്ന് ട്രംപ് സെലൻസ്കിയോടും വ്യക്തമാക്കി. ഈ ചർച്ചയുടെ നയതന്ത്രപരമായ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com