മാർപാപ്പയായി സ്ഥാനം ഏറ്റതിനു പിന്നാലെ ആഗോള സംഘർഷങ്ങൾ പരിഹരിക്കാന്‍ മധ്യസ്ഥനായി പ്രവർത്തിക്കുമെന്ന് ലിയോ പതിനാലാമൻ പറഞ്ഞിരുന്നു
വൊളോഡിമിർ സെലന്‍സ്കി, ലിയോ XIV
യുക്രെയ്നുമായുള്ള സമാധാന ചർച്ചകൾക്ക് വത്തിക്കാനാണ് അനുയോജ്യമായ ഇടമെന്ന വാദം തള്ളി റഷ്യ. ഇത് പലരുടെയും ഫാന്റസി മാത്രമാണെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. അത്തരമൊരു വേദിയുണ്ടാകുമോ എന്ന കാര്യത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് സംശയം പ്രകടിപ്പിച്ചു. രണ്ട് ഓർത്തഡോക്സ് ക്രിസ്ത്യൻ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് വേദിയാകുക എന്നത് വത്തിക്കാന് അസ്വസ്ഥതയുണ്ടാക്കുമെന്നും സെർജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു.
യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയായി സ്ഥാനം ഏറ്റതിനു പിന്നാലെ ആഗോള സംഘർഷങ്ങൾ പരിഹരിക്കാന്‍ മധ്യസ്ഥനായി പ്രവർത്തിക്കുമെന്ന് ലിയോ പതിനാലാമൻ പറഞ്ഞിരുന്നു. പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പോപ്പിനെ സന്ദർശിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾക്ക് വത്തിക്കാൻ വേദിയൊരുക്കുമെന്ന് ചൊവ്വാഴ്ച പൊപ്പുമായി സംസാരിച്ച ഇറ്റലി പ്രധാനമന്ത്രിയോടും ലിയോ പതിനാലാമൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത്തരം ചർച്ചകളെ തള്ളുന്ന സമീപനമാണ് റ്ഷ്യ സ്വീകരിച്ചിരിക്കുന്നത്.
Also Read: റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ഇരുപക്ഷവും 390 പേരെ വീതം വിട്ടയച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനിടയിൽ ഡൊണാൾഡ് ട്രംപ്, വൊളോഡിമിർ സെലൻസ്കി, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവർ വത്തിക്കാനില്‍ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപുമായി മുഖാമുഖം നടന്ന ചർച്ചയെ 'ചരിത്രപരമായി' മാറാൻ സാധ്യതയുള്ള കൂടിക്കാഴ്ച എന്നാണ് സെലൻസ്കി വിശേഷിപ്പിച്ചത്. ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്ന ദിവസം ജെ.ഡി. വാൻസുമായും സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളും വെടിനിർത്തലിനെപ്പറ്റിയുമാണ് ചർച്ച ചെയ്തത്. ഇസ്താംബുളിൽ നടക്കുന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളേപ്പറ്റിയും നേതാക്കൾ സംസാരിച്ചു. ലിയോ പതിനാലാമന്‍ മാർപാപ്പയും സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് ആഗോള സംഘർഷങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന വേദിയായ വത്തിക്കാന്‍ മാറുന്നുവെന്ന ചർച്ചകള്‍ ഉയർന്നത്.
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധത്തടവുകാരുടെ ആദ്യഘട്ട കൈമാറ്റം ആരംഭിച്ചു. 390 യുക്രെയ്ൻ തടവുകാരെ റഷ്യ കൈമാറിയതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. ടെലഗ്രാമിലൂടെയാണ് ഈക്കാര്യം സെലൻസ്കി വ്യക്തമാക്കിയത്. 2014ൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ സംഘർഷാവസ്ഥ ആരംഭിച്ചതിനു ശേഷമുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റമാണിത്. മെയ് 16ന് ഇസ്താംബുളിൽ നടന്ന സമാധാന ചർച്ചയിൽ 1000 യുദ്ധത്തടവുകാരെ കൈമാറാനാണ് ഇരുരാജ്യങ്ങളും തീരുമാനമായത്.