ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാന് തിരിച്ചടി, മന്ത്രിസഭയിൽ നിന്നും പുറത്തേയ്‌ക്കോ ?

തൻ്റെ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം
ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാന് തിരിച്ചടി, മന്ത്രിസഭയിൽ നിന്നും പുറത്തേയ്‌ക്കോ ?
Published on

ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസ്‌താവനയിൽ സജി ചെറിയാന് തിരിച്ചടി. പൊലീസ് അന്വഷണ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ പാളിച്ച ഉണ്ടായെന്ന് കോടതി അറിയിച്ചു. 2022 ൽ മല്ലപ്പള്ളിയിൽ നടന്ന പൊതു ചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി പദവി വഹിച്ചിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. പ്രസംഗം പരിശോധിക്കുമ്പോൾ ഭരണഘടനയോട് ബഹുമാന കുറവ് കാണുന്നതായി ജസ്റ്റിസ് ബച്ചു കുര്യൻ വാക്കാൽ പരാമർശിച്ചു. എന്നാൽ മന്ത്രിയുടെ പ്രസംഗത്തിൽ ഭരണഘടനയോട് ബഹുമാന കുറവില്ലെന്ന് ഡിജിപി ടി.എ. ഷാജി വാദിച്ചിരുന്നു.

ഇതിന് മുമ്പ് കേസ് പരിഗണിക്കവേ പ്രസംഗത്തില്‍ സജി ചെറിയാന്‍ ഉദ്ദേശിച്ച കുന്തം കുടച്ചക്രം എന്തെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സംവദമാകാം, പക്ഷേ ഭരണഘടനയുടെ അന്തസ്സത്തയോട് വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. പ്രസംഗിച്ചയാള്‍ ഉദ്ദേശിച്ചില്ലെങ്കില്‍ പോലും പറയുന്ന വാക്കുകള്‍ ചിലപ്പോള്‍ ബഹുമാനക്കുറവ് സൃഷ്ടിക്കാം. മന്ത്രിയുടെ പ്രസംഗത്തില്‍ ബഹുമാനക്കുറവ് ധ്വനിപ്പിക്കുന്ന വേറെയും പരാമര്‍ശങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി സൂചിപ്പിച്ചിരുന്നു. പ്രസംഗത്തിൻ്റെ  പൂര്‍ണരൂപം പെന്‍ ഡ്രൈവിലാക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.


ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തല്‍. പരാമർശവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അവസാനിപ്പിച്ചുവെന്ന് അറിയിച്ചു കൊണ്ട് പൊലീസ് സമർപ്പിച്ച ഹർജിക്കെതിരെ അഡ്വ. ബൈജു നോയൽ ഹർജി സമർപ്പിച്ചിരുന്നു. സജി ചെറിയാന്‍ തൻ്റെ  സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാൽ തൻ്റെ  പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കല്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

 അതേസമയം വീണ്ടും അന്വേഷണം നേരിടേണ്ടി വന്നാൽ സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. രാജിവെക്കാൻ പ്രതിപക്ഷവും സമ്മർദ്ദം ചെലുത്തിയേക്കും.

"മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്‌. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. " സജി ചെറിയാൻ്റെ ഈ പരാമർശമാണ് വിവാദമായത്.

ഭരണഘടനയുടെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ  സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഇതിൻ്റെ ഉദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഭരണഘടനയെ അവഹേളിച്ചതിൻ്റെ പേരിൽ മന്ത്രിക്കെതിരെ കേസെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com