സരിൻ സുഹൃത്ത്; പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തി: രാഹുൽ മാങ്കൂട്ടത്തിൽ

ഈ പ്രായത്തിനിടയിൽ ഒരുപാട് അവസരങ്ങൾ പാർട്ടി തനിക്ക് നൽകിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
സരിൻ സുഹൃത്ത്; പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തി: രാഹുൽ മാങ്കൂട്ടത്തിൽ
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കത്തിൽ കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ തൻ്റെ സുഹൃത്താണ്,  പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് അദ്ദേഹം. സരിന്റെ വിഷയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയേണ്ടതില്ല. ഇതിനൊന്നും മറുപടി പറയേണ്ട കപ്പാസിറ്റി ഉള്ള ആളല്ല താൻ.

ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്ന് സരിൻ പറഞ്ഞത് ശരിയാണ്. സരിനെ സിപിഎം ആയി മുദ്രകുത്താൻ പാടില്ല. ഒരു ചെറുപ്പക്കാരന്റെ രാഷ്ട്രീയ ഇന്റഗ്രിറ്റി ചോദ്യം ചെയ്യരുത്. യൂത്ത് കോൺഗ്രസിലെ കാര്യങ്ങൾ മാത്രമാണ് തന്റെ കപ്പാസിറ്റിയിലുള്ളത്. ഈ പ്രായത്തിനിടയിൽ ഒരുപാട് അവസരങ്ങൾ പാർട്ടി തനിക്ക് നൽകിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഇത് സന്തോഷകരമായ നിമിഷമാണെന്നും, തുടക്കക്കാരൻ എന്ന നിലയിൽ ഇതിൽ കൂടുതൽ അർഹിക്കുന്നില്ല. പാലക്കാട്‌ ബിജെപി വോട്ട് കുത്തനെ കുറയും. ഇത്തവണ ചേലക്കരയും തിരിച്ചുപിടിക്കും. പ്രിയങ്കയുടെ സ്ഥാനാർഥിത്വം വയനാടിനെ പിടിച്ചുയർത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം, പാലക്കാട് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ നിലപാടും അതൃപ്തിയും കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ പരസ്യമാക്കി. നാടിന്റെ നല്ലതിന് വേണ്ടിയാണ് 33ാം വയസില്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. താന്‍ പറയുന്നത് നല്ലതിനു വേണ്ടിയാണ്. കോണ്‍ഗ്രസിനെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റേയും സ്ഥാനാർഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സരിന്‍ സംസാരിച്ചത്. മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നമെന്നും സരിന്‍ വ്യക്തമാക്കി. ഉള്‍പാര്‍ട്ടി ജനാധിപത്യം തകരാന്‍ പാടില്ല. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കും. ഹരിയാന ആവർത്തിക്കും. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നാണ് സിപിഎമ്മിനെ പരിഹസിക്കാറുള്ളത്. പക്ഷേ അത് ആ പാര്‍ട്ടിയുടെ കഴിവാണ്. തന്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. പി. സരിന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com