13 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും അഞ്ച് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്
ജയിൽ വകുപ്പിൽ ആർഎസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം. ജനുവരി 17ന് കുമരകത്തെ റിസോർട്ടിലാണ് യോഗം നടന്നത്. 13 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും അഞ്ച് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
"ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ കോട്ടയത്ത് തുടക്കമായിരിക്കുന്നു. ഇനി വളർന്നുകൊണ്ടേയിരിക്കും," എന്ന അടിക്കുറിപ്പോടെ യോഗത്തിനെടുത്ത ഫോട്ടോകള്‍ ഉദ്യോഗസ്ഥർ വാട്‌സ്‍ആപ്പ് സ്റ്റാറ്റസാക്കുകയായിരുന്നു. ഇതാണ് ഇന്‍റലിജന്‍സിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. യൂണിഫോം പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഏതെങ്കിലും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സംഘടിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ നടപടി സ്വീകരിച്ചത് യോഗത്തില്‍ പങ്കെടുത്തതിനാലാണ് എന്ന് സ്ഥലമാറ്റ ഉത്തരവില്‍ പറയുന്നില്ല. ജയിൽ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭരണപരമായ സൗകര്യാർഥമാണ് നടപടി എന്നാണ് ഏപ്രിൽ 26, 29 തീയതികളിൽ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
അതേസമയം, ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലെയും വിയ്യൂർ അതീവ സുരക്ഷാ ജയിലിലെയും ഉദ്യോഗസ്ഥരുൾപ്പെടെയാണ് യോഗത്തിൽ പങ്കെടുത്തത്. നടപടി പേരിലൊതുങ്ങിയതിന് പിന്നിൽ സിപിഐഎം-ബിജെപി ബന്ധമെന്നാണ് കോൺഗ്രസിന്‍റെ ആക്ഷേപം. 250ഓളം ആർഎസ്എസ്-ബിജെപി തടവുകരാണ് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്. ഉദ്യോഗസ്ഥ കൂട്ടായ്മ തടവുകാരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Also Read: "വേടനോട് കാണിച്ചത് വലിയ അനീതി"; അറസ്റ്റിനെ വിമർശിച്ച് വനം വകുപ്പ് മുൻ മേധാവി