വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: ക്ഷണിക്കാത്തതില്‍ അത്ഭുതമില്ലെന്ന് ഷാഫി പറമ്പില്‍; വിളിക്കാൻ കല്യാണമല്ലെന്ന് തോമസ് ഐസക്ക്

ഔദ്യോഗിക പരിപാടികളില്‍ തൊട്ടുകൂടായ്മ കാണിക്കുന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: ക്ഷണിക്കാത്തതില്‍ അത്ഭുതമില്ലെന്ന് ഷാഫി പറമ്പില്‍; വിളിക്കാൻ കല്യാണമല്ലെന്ന് തോമസ് ഐസക്ക്
Published on


വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സിപിഐഎം എത്ര പി.ആര്‍ നടത്തിയിട്ടും കാര്യമില്ല. ജനങ്ങള്‍ കാണുക ഉമ്മന്‍ ചാണ്ടിയുടെ രൂപമാകുമെന്ന് എംപി ഷാഫി പറമ്പില്‍. സിപിഐഎമ്മുകാര്‍ ഈ പദ്ധതിക്ക് അഴിമതി ആരോപിച്ചവരാണ്. ഇപ്പോള്‍ ഞങ്ങളുടെ പദ്ധതിയെന്ന് പറയുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തുറമുഖത്തേക്ക് ഉള്ള ഗതാഗത സംവിധാനങ്ങള്‍ ഇപ്പോഴും സജ്ജമല്ല. ഈ പദ്ധതിയുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ ഇപ്പോള്‍ അത് അത് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷം ഉണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അവര്‍ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ അടക്കം ക്ഷണിക്കാതിരുന്നതില്‍ അത്ഭുതമില്ല. ഔദ്യോഗിക പരിപാടികളില്‍ തൊട്ടുകൂടായ്മ കാണിക്കുന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനാണ്. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തപ്പോള്‍ വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖരനും പങ്കെടുക്കുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക്ക് പറഞ്ഞു. ഇത് വിവാദമാക്കേണ്ടകാര്യമല്ല, കേരളത്തിന് പ്രധാനപ്പെട്ടതാണെന്ന് എല്ലാവരും അംഗീകരിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ടതാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ക്ഷണിച്ചു കൊണ്ടുപോകുവാന്‍ ഇത് കല്യാണം ഒന്നുമല്ല. നാട്ടിലെ വികസന പരിപാടിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഇടതുപക്ഷത്തിനും അഭിപ്രായ വ്യത്യാസം ഉണ്ട്. സംസ്ഥാനത്തിന് ലാഭവിഹിതം ലഭിക്കാന്‍ 40 വര്‍ഷം എടുക്കും. കേന്ദ്രം കൃത്യമായി ലാഭവിഹിതം കൊണ്ടുപോകും എന്നു പറയുന്നു. ഇതുപോലൊരു നയം ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകുന്നത് നാടിന് ആവശ്യമായ വികസനമായതുകൊണ്ടാണ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഉണ്ടായ സമരങ്ങളെല്ലാം അതിജീവിച്ചാണ് സര്‍ക്കാര്‍ ഇത് സാധ്യമാക്കിയത്. എല്ലാ പാര്‍ട്ടിക്കാരും ഇപ്പോള്‍ നേട്ടത്തിന് പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ 2022-23ലെ സമരം ഒന്ന് ആലോചിച്ചു നോക്കണം. ആരൊക്കെയാണ് സമരത്തിന് പിന്തുണ നല്‍കിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഫ്‌ളെക്‌സ് വയ്ക്കുന്നവര്‍ 61 ശതമാനമാണ് കേരളത്തിന്റെ മുടക്ക് മുതല്‍ എന്ന് ആലോചിക്കണം. കോടതി ഈ ഫ്‌ളെക്‌സ് ബോര്‍ഡുകളും കാണണം, ഭരണപക്ഷം വയ്ക്കുമ്പോള്‍ മാത്രം ഇടപെടുന്നത് ശരിയല്ലെന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

വി.ഡി. സതീശനെ ക്ഷണിക്കാതത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് പിന്നാലെയാണ് വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിക്കുന്നത്. എന്നാല്‍ തുറമുഖം ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com