നഗരത്തിലെ 25 ദശലക്ഷത്തോളം ആളുകളോട് വീടുവിട്ടിറങ്ങുന്നതെന്ന് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്
ചൈനയിലെ ഉത്സവ സീസൺ തകർത്തെറിഞ്ഞ് വീണ്ടും ചുഴലിക്കാറ്റ്. 1949ന് ശേഷമുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഷാങ്ഹായ് നഗരത്തിൽ കരതൊട്ടു. ആയിരക്കണക്കിന് ആളുകളെ മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
യാഗി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ചൈന വീണ്ടും ചുഴലിക്കാറ്റ് ഭീതിയിലാണ്. 75 വർഷങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ബിബിങ്ക, ഷാങ്ഹായ് നഗരത്തിൽ ആഞ്ഞടിച്ചു. ഈ മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബിബിങ്ക. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. രാവിലെ 7.30ഓടെ ചുഴലിക്കാറ്റ് തീരത്തെത്തിയെന്നാണ് ചൈനയിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 1949ലാണ് ഷാങ്ഹായിലേക്ക് നേരിട്ട് ഗ്ലോറിയ ചുഴലിക്കാറ്റ് ഇതിന് മുമ്പ് ആഞ്ഞടിച്ചത്.
ALSO READ : മനുഷ്യനെ വഹിച്ച് ഏറ്റവും കൂടിയ ദൂരം താണ്ടിയ ബഹിരാകാശ പേടകം! പൊളാരീസ് ഡൗൺ സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി
ശക്തമായ മഴയാണ് ഷാങ്ഹായിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിലെ 25 ദശലക്ഷത്തോളം ആളുകളോട് വീടുവിട്ടിറങ്ങുന്നതെന്ന് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും പരസ്യ ബോർഡുകൾ തകരുകയും ചെയ്തു. ഷാങ്ഹായിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലെ സർവീസുകളും നിർത്തിവെച്ചു. ചോങ്മിങ് ജില്ലയിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപാർപ്പിച്ചത്.
ALSO READ : എമ്മി പുരസ്കാര വേദിയില്‍ തിളങ്ങി ബ്രിട്ടീഷ് സീരീസ് ബേബി റെയിൻഡിയർ; നേടിയത് പ്രധാനപ്പെട്ട നാല് അവാര്‍ഡുകള്‍
കഴിഞ്ഞ ആഴ്ചയുണ്ടായ യാഗി ചുഴലിക്കാറ്റിൽ നാല് പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ചൈനയിൽ ശരത്കാല ഉൽസവം നടക്കാനിരിക്കെയാണ് തുടരെയുണ്ടാകുന്ന ചുഴലിക്കാറ്റുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഉത്സവ കാലത്ത് പ്രതീക്ഷിച്ച കയറ്റം സമ്പദ് വ്യവസ്ഥയിൽ ഇനി ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.