അർജുൻ്റെ ബൈക്കുമായി ബന്ധപ്പെട്ട ആരോപണത്തിൽ താൻ ഒരു യൂട്യൂബറിന് ബൈക്ക് കാണിച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മനാഫ് പറഞ്ഞു.
ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ലോറി ഡ്രൈവർ മനാഫ്. ലോറി ഉടമ മനാഫ് എന്ന പേരിലുള്ള തൻ്റെ യൂട്യൂബ് ചാനൽ തുടങ്ങിയത് 20 ദിവസങ്ങൾക്ക് മുൻപാണെന്നും, ചാനൽ ആരംഭിക്കുന്നത് തൻ്റെ ഇഷ്ടമാണെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അർജുൻ്റെ ബൈക്കുമായി ബന്ധപ്പെട്ട ആരോപണത്തിൽ താൻ ഒരു യൂട്യൂബറിന് ബൈക്ക് കാണിച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് മനാഫ് ആരോപണം നിഷേധിച്ചു.
"താൻ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കല്ലെറിഞ്ഞോട്ടെ യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് എന്താണ് തെറ്റ്. അർജുൻ്റെ ചിത അടങ്ങുന്നതിനു മുൻപ് തന്നെ ക്രൂശിക്കുന്നത് എന്തിന്. ഷിരൂരിൽ എത്തിയതിന് ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യുട്യൂബ് ചാനലിൽ എനിക്ക് ഇഷ്ടമുള്ളത് ഇടുo. അർജുന്റെ കുടുംബം ഇപ്പോഴും എന്റെ കുടുംബം തന്നെയാണ്," മനാഫ് പറഞ്ഞു.
പിആർ വർക്ക് നടത്തുന്നത് മാധ്യമങ്ങളാണെന്നും, ഞാൻ സാധാരണക്കാരനാണെന്നും മനാഫ് പറഞ്ഞു. യൂട്യൂബ് ചാനൽ ഉണ്ടാക്കിയത് അർജുനെ മറക്കാതെ ഇരിക്കാൻ. ഷിരൂരിൽ നിന്നും താൻ കുടുംബത്തിൻ്റെ ഫോൺ എടുത്തില്ലെന്നത് കളവ് ആണ്. ജിതിന് പ്രശ്നങ്ങൾ ഉണ്ടാവും. ആക്ഷൻ കമ്മിറ്റി ക്ഷണിച്ചപ്പോൾ താൻ തിരുവനന്തപുരത്ത് പോയി. ജിതിനെ വിളിച്ചു എന്നാൽ കൂടെ വന്നില്ല. എൻ്റെ സഹോദരന് പരാതിയുണ്ടെന്ന് തോന്നുന്നില്ല. മാധ്യമങ്ങൾ തന്ന ഹൈപ്പാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം. എൻ്റെ ലോറിക്ക് അർജുൻ എന്ന പേര് തന്നെ ഇടും. കുടുംബത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ആരിൽ നിന്നും ഇതുവരെയും പണം വാങ്ങിയിട്ടില്ലെന്നും മനാഫ് പറഞ്ഞു.
ALSO READ: മനാഫിനെതിരെ അർജുൻ്റെ കുടുംബം; 'അർജുൻ്റെ പേരിൽ പണം പിരിക്കുന്നു, വൈകാരികതയെ ചൂഷണം ചെയ്യുന്നു'
മനാഫിനെതിരെ അർജുൻ്റെ കുടുംബം രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് ആരോപണം നിഷേധിച്ച് മനാഫ് രംഗത്തെത്തിയത്. മനാഫ് അർജുന്റെ പേരിൽ പണം പിരിക്കുന്നു, മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി പണം നൽകാൻ വന്നവർ ഉണ്ട്, തങ്ങൾക്ക് ആ പണം ആവശ്യമില്ലെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. ഡ്രഡ്ജർ എത്തിച്ചപ്പോൾ മാൽപ്പെയെ ഉപയോഗിച്ച് നാടക പരമ്പരയാണ് മനാഫ് നടത്തിയത്.
മനാഫ് അവിടെ നടന്ന കാര്യങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ചു. മനാഫ് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം നോക്കി അത് കൂടെ ഉള്ളവരോട് പറഞ്ഞു. ഡ്രഡ്‌ജർ എത്തിച്ചിട്ട് കാര്യമില്ലെന്ന് മനാഫ് പറഞ്ഞു ഞങ്ങളെ നിരുത്സാഹപ്പെടുത്തി. മനാഫിന്റെ ഇടപെടൽ കാരണം ഡ്രെഡ്ജർ എത്തുമോ എന്നുപോലും ഭയപ്പെട്ടുവെന്നും കുടുംബം പറഞ്ഞു. അർജുന് വേണ്ടി ആത്മാർഥതയോടെ കൂടെ നിന്നത് മനാഫിന്റെ സഹോദരൻ മുബീനാണ്, അയാളെ ഓർത്തിട്ടാണ് ഇത്രയും കാലം ഒന്നും പറയാതിരുന്നതെന്നും കുടുംബം പറഞ്ഞു.
കുടുംബത്തിൻ്റെ വൈകാരികതയെ ചിലർ ചൂഷണം ചെയ്യുന്നു. സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് നേരിടുന്നു. പല യൂട്യൂബ് ചാനലുകളും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. 75000 രൂപ ശമ്പളം ഉണ്ടായിട്ടും അർജുന് ജീവിക്കാൻ കഴിയുന്നില്ല എന്ന് പ്രചാരണം നടക്കുന്നു. കേട്ടാൽ അറക്കുന്ന കമെന്റുകൾ വരുന്നുവെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുതെന്നും, അങ്ങനെ ചെയ്‌താൽ ശക്തമായി പ്രതികരിക്കുമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.