സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന കോൺഗ്രസിലെ പൊളിച്ചെഴുത്ത്.
കെ. സുധാകരനിൽ നിന്ന് കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. ക്രൈസ്തവ വിഭാഗത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെത്തുന്നത് 21 വർഷത്തിന് ശേഷമാണ്. സാമുദായിക സന്തുലനത്തിന്റെ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുള്ള അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കി. പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരാണ് പുതിയ വർക്കിംഗ് പ്രസിഡന്റുമാർ. അതേസമയം സണ്ണി ജോസഫിൻ്റെ അധ്യക്ഷ പദവിയിൽ പരസ്യ അതൃപ്തിയുമായി ആന്റോ ആന്റണി രംഗത്തെത്തി.
അഭിമാനവും സന്തോഷവും നിറഞ്ഞ ദിവസമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. സൗമ്യനായ നേതാവാണ് സണ്ണി ജോസഫ്. ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ചു നിൽക്കുന്നയാൾ. വളരെ ധീരനായ നേതാവിനെ തന്നെയാണ് പുതിയ അധ്യക്ഷനാക്കിയത്. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന കോൺഗ്രസിലെ പൊളിച്ചെഴുത്ത്. അനിവാര്യമായ പടിയിറക്കത്തെ പരമാവധി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കെ. സുധാകരൻ ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് വാദിച്ച സണ്ണി ജോസഫ്, സുധാകരന് പകരക്കാരനായി എത്തിയെന്നതാണ് മറ്റൊരു രാഷ്ട്രീയ കൗതുകം. കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരൻ മാറിയപ്പോഴും പകരക്കാരനായത് സണ്ണി ജോസഫായിരുന്നു. 2011 മുതൽ പേരാവൂരിനെ പ്രതിനിധീകരിക്കുന്ന കോൺഗ്രസുകാരുടെ സണ്ണി വക്കീൽ ഇനി സംസ്ഥാന കോൺഗ്രസിന്റെ അമരക്കാരനാവും.
1970കളിൽ കെഎസ് യുവിലൂടെയാണ് സണ്ണി ജോസഫെന്ന തൊടുപുഴക്കാരൻ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. കോഴിക്കോട് ലോ കോളേജിലെ എൽഎൽബി പഠനത്തിന് പിന്നാലെ സണ്ണി ജോസഫിന്റെ രാഷ്ട്രീയതട്ടകം കണ്ണൂരായി. കോൺഗ്രസിൻ്റെ കേരളത്തിലെ ശക്തമായ ശബ്ദങ്ങളിൽ ഒന്നായി അദ്ദേഹം മാറി. 2011 മുതൽ തുടർച്ചയായി മൂന്നാംതവണയും നിയമസഭയിൽ പേരാവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ബിജെപി ക്രൈസ്തവ സ്വാധീനം ഉയർത്താൻ ശ്രമിക്കുമ്പോൾ, ക്രൈസ്തവ സമുദായത്തിൽ നിന്ന് തന്നെ അധ്യക്ഷൻ വേണമെന്നായിരുന്നു കോൺഗ്രസിൻ്റെ തീരുമാനം. ക്രൈസ്തവ സഭകളുമായുള്ള അടുപ്പം സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പിൽ നിർണായകമായി. കെ.സുധാകരന് ശേഷവും കണ്ണൂരിൽ നിന്ന് തന്നെ അധ്യക്ഷൻ വേണ്ടെന്ന് ഒരുവിഭാഗം നേതാക്കൾ നിലപാടെടുത്തെങ്കിലും സഭാ ബന്ധത്തിന് മുന്നിൽ അത് അപ്രസക്തമായി.
ALSO READ: സംസ്ഥാനത്ത് കോൺഗ്രസിനെ സണ്ണി ജോസഫ് നയിക്കും; കെപിസിസി പ്രസിഡൻ്റായി ഇന്ന് സ്ഥാനമേൽക്കും
അധ്യക്ഷമാറ്റത്തിന് സാധ്യതയെന്ന വാർത്തകൾ വന്നുതുടങ്ങിയപ്പോഴേ സഭാനേതൃത്വം സണ്ണി ജോസഫിനെ പരിഗണിക്കണമെന്ന നിർദേശം കോൺഗ്രസിന് മുന്നിൽ വച്ചിരുന്നു. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ശേഷം കോൺഗ്രസ് നേതൃത്വത്തിൽ ക്രൈസ്തവർക്ക് മതിയായ പ്രാതിനിധ്യം
കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
വന്യമൃഗ ആക്രമണമടക്കമുള്ള വിഷയങ്ങളിലെ സജീവ ഇടപെടലും അദ്ദേഹത്തെ കൂടുതൽ ജനകീയനും സ്വീകാര്യനുമാക്കി. കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കറിവെയ്ക്കാൻ അനുവദിക്കുന്ന നിയമം വരണമെന്ന് വരെ സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു.
അധ്യക്ഷ സ്ഥാനത്ത് നിന്ന് താൻ മാറുകയാണെങ്കിൽ പകരം സണ്ണി ജോസഫ് വരണമെന്ന നിർദേശം കെ സുധാകരനും ഹൈക്കമാൻഡിന് മുന്നിൽ വെച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള അടുത്ത ബന്ധവും ഗുണം ചെയ്തു. ക്രൈസ്തവ സഭകളെ ഒപ്പം നിർത്തുമ്പോൾ തന്നെ കോൺഗ്രസിനെ ഗ്രൂപ്പുകൾക്ക് അതീതമായി നയിക്കുകയാണ് സണ്ണി ജോസഫിന് മുന്നിലെ പ്രധാന ദൗത്യം. അത് എത്രത്തോളം വിജയിക്കുമെന്നതിൻ്റെ ആദ്യ ഉരകല്ലാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പെന്ന വമ്പൻ പരീക്ഷണത്തിനും തൊട്ടുപിന്നാലെ അരങ്ങ് ഒരുങ്ങുന്നുണ്ട്.