തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിലുമാണ് കാലവർഷം ആദ്യമെത്തുക
സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മെയ് 13-ഓടെ കാലവർഷം എത്താനാണ് സാധ്യത. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിലുമാണ് കാലവർഷം ആദ്യമെത്തുകയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മെയ് 7 മുതൽ10 വരെയുള്ള തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.