ഇന്ത്യയിൽ 50,000 ത്തോളം മദ്രസകളുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന കണക്ക്
മദ്രസകൾ അടച്ചുപൂട്ടണമെന്ന നിർദേശത്തെ തുടർന്ന് രാജ്യത്തുടനീളം വിമർശനങ്ങൾ ഉയരുകയാണ്. ദേശീയ ബാലാവകാശ കമ്മീഷൻ്റെ പുതിയ നീക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്രസാ പഠന സമ്പ്രദായത്തെ തകിടം മറിക്കുമെന്നും ലക്ഷക്കണക്കിന് കുട്ടികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രധാന ആശങ്ക. മദ്രസകളിൽ ഇടപെട്ട് കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്നും സർക്കാർ ഫണ്ട് നൽകരുതെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശമാണ് വലിയ ചർച്ചകൾ വഴിവെച്ചത്. സർക്കാർ സഹായത്തിനൊപ്പം വിവിധ മുസ്ലിം സംഘടനകൾ നിയന്ത്രിക്കുന്ന കേരളത്തിലെ മദ്രസകളെ നീക്കം കാര്യമായി ബാധിക്കില്ല. എന്നാൽ ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം.
ALSO READ: "മദ്രസ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം അപകടകരം, ഉപേക്ഷിക്കണം": കേരള നദ്‌വത്തുൾ മുജാഹിദ്ദീൻ
കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യധാരാ വിദ്യാഭ്യാസത്തിന് മദ്രസകളെ ആശ്രയിക്കുന്ന രീതി വ്യാപകമാണ്. പല സംസ്ഥാനത്തും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഏക ആശ്രയം മദ്രസകളാണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ രാജ്യത്തെ മുസ്ലിം വിഭാഗത്തിന് വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുണ്ട്. ഇതുകൊണ്ടാണ് മുസ്ലീങ്ങൾക്കിടയിൽ മദ്രസാ പഠനത്തിനുള്ള പ്രാധാന്യം വർധിപ്പിച്ചത്.
ഇന്ത്യയിലെ മദ്രസകളിൽ പഠിക്കുന്ന 90 ശതമാനത്തിലധികം വിദ്യാർഥികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ ഫീസില്ലാതെ, സൗജന്യ താമസവും ഭക്ഷണവും ലഭ്യമാക്കുന്നതാണ് മദ്രസകളുടെ പൊതുരീതി. ഇന്ത്യയിൽ 50,000 ത്തോളം മദ്രസകളുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന കണക്ക്. ഒന്നേകാൽ കോടിയോളം കുട്ടികൾ ഇവിടെ പഠിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ തന്നെ വ്യക്തമാക്കുന്നു.
അധ്യാപകരുടേത് അടക്കം ശമ്പളം നൽകുന്നത് സർക്കാരാണ്. മാത്രമല്ല ഉത്തരേന്ത്യയിലെ പല ഗ്രാമീണ മേഖലയിലും പൊതുവിദ്യാലയങ്ങൾ എണ്ണത്തിൽ കുറവാണ്. സ്കൂളുകൾക്കിടയിൽ തന്നെ കിലോമീറ്ററുകളുടെ അകലവുമുണ്ട്. പല മേഖലയിലും കുട്ടികൾക്ക് എത്തിപ്പെടുക പ്രയാസവുമാണ്. ഇന്ത്യയിലുടനീളം മദ്രസകൾ അടച്ചുപൂട്ടണമെന്ന് കമ്മീഷൻ നിർദേശിക്കുമ്പോൾ ബാധിക്കാൻ പോകുന്നത് ലക്ഷക്കണക്കിന് കുട്ടികളെയാണ് എന്നർഥം.
മദ്രസകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസാവകാശം ഉറപ്പാക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് വേണ്ടത്. അതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക, മദ്രസകളിൽ ഭൗതിക വിദ്യാഭ്യാസ രീതികൾ പരിഷ്കരിക്കുക, സിലബസ് നിർബന്ധിതമാക്കുക എന്നിവ ചെയ്യുന്നതിന് പകരം മദ്രസാപഠനം ഒറ്റയടിക്ക് ഇല്ലാതാക്കിയാൽ നിർധനരായ കുടുംബങ്ങളിലെ ലക്ഷണക്കിന് കുട്ടികളെ ബാധിക്കും. അതിന് കേന്ദ്രം ശ്രമിക്കുന്നു എന്നതാണ് പ്രധാന വിമർശനം.
മദ്രസകളെ രാഷ്ട്രീയമായി എതിർക്കുകയാണ് കേന്ദ്രം ചെയ്യുന്നത് എന്നതാണ് മറ്റൊരു വിമർശനം. മദ്രസകൾ ദേശദ്രോഹം വളർത്തുവെന്ന വാദം തീവ്രനിലപാടുള്ള ഭൂരിപക്ഷ മത സംഘടനകൾ ഉയർത്താറുണ്ട്. മദ്രസകൾക്ക് പാകിസ്താൻ ഫണ്ട് ചെയ്യുന്നുവെന്ന വിമർശനമടക്കം അസം, യുപി മുഖ്യമന്ത്രിമാർ ആവർത്തിക്കാറുണ്ട്. മദ്രസകളിലുള്ള പുതിയ കേന്ദ്ര ഇടപെടലിന് പിന്നിൽ ഈ അജണ്ടയാണെന്ന വിമർശനമാണ് ഇപ്പോൾ ശക്തിപ്പെടുന്നത്.