
നിയമസഭ സമ്മേളനത്തിൽ ആറ് ബില്ലുകൾ സഭയിൽ അവതരിപ്പിക്കുമെന്ന് സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. നാളെ വയനാട്, കോഴിക്കോട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയും. ഒക്ടോബർ 18 വരെയായിരിക്കും സഭ ചേരുക. നിയമസഭാ പുസ്തകോത്സവം 2025 ജനുവരിയിൽ നടക്കുമെന്നും എ.എൻ ഷംസീർ അറിയിച്ചു.
സമ്മേളനത്തിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പരാതി ലഭിച്ചുവെന്നും സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. എന്തെങ്കിലും ഇടപെടൽ ഉണ്ടായതല്ല, മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും. മനഃപൂർവം ഒരു നീക്കവും സ്പീക്കറുടെ ഓഫീസിൽ നിന്നുണ്ടായിട്ടില്ല. ചിലത് വന്നു, ചിലത് വന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
സിപിഎം പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഇനി മേല്‍ അംഗമല്ലെന്ന പിവി അന്‍വറിൻ്റെ പ്രഖ്യാപനത്തിലും ആരോപണങ്ങളിലും ഈ നിമിഷം വരെ എൽഡിഎഫിൻ്റെയോ അൻവറിൻ്റെയോ കത്ത് ലഭിച്ചിട്ടില്ല. നിലത്തിരിക്കേണ്ട സാഹചര്യം അൻവറിന് ഉണ്ടാകില്ല. ഇത്രയധികം കസേരയുള്ളപ്പോൾ എന്താണ് അതിൻ്റെ ആവശ്യമെന്നും എ.എൻ ഷംസീർ പറഞ്ഞു.
മുകേഷിനെതൊരായ പീഡന പരാതിയിൽ നിയമസഭാംഗങ്ങൾ അച്ചടക്കം പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാംഗമല്ല ആരായാലും അച്ചടക്കം പാലിക്കണം. കാലം ഒരുപാട് മാറി. ശാക്തീകരിക്കപ്പെട്ട സ്ത്രീകൾക്ക് ഒപ്പം ജീവിക്കാൻ പഠിക്കണമെന്നും സ്പീക്കർ പറഞ്ഞു.