ശസ്ത്രക്രിയ പിഴവ് മറച്ചുവെക്കാൻ കോസ്‌മെറ്റിക് ക്ലിനിക് ശ്രമിച്ചുവെന്ന് യുവതിയുടെ ഭർത്താവ് പത്മജിത്ത് ആരോപിച്ചു
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം കഴക്കൂട്ടത്ത് വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയക്കിടെ ഉണ്ടായ പിഴവിൽ യുവതിക്ക് നഷ്ടമായത് ഒമ്പത് വിരലുകൾ. അണുബാധയെ തുടർന്ന് 31കാരിയായ നീതുവിൻ്റെ ഇടതുകാലിലെ അഞ്ചും ഇടതുകൈയിലെ നാലും വിരലുകളാണ് മുറിച്ചു മാറ്റേണ്ടി വന്നത്. നീതുവിന്റെ ഭർത്താവിന്റെ പരാതിയിൽ ആശുപത്രിക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
കഴക്കൂട്ടത്തെ ടെക്‌നോ പാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ നീതുവിന് അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തത് കഴിഞ്ഞ ഫെബ്രുവരി 22നാണ്. ശസ്ത്രക്രിയക്ക് തൊട്ട് പിന്നാലെ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് തുടങ്ങി. 24ന് നീതുവിനെ വീണ്ടും കോസ്മെറ്റിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ യുവതിയെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സാ പിഴവ് മറച്ചുവെക്കാൻ ശ്രമം നടന്നുവെന്നാണ് കുടുംബം പറയുന്നത്.
വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്ത ഭാഗത്ത് മുറിവ് ഉണങ്ങാത്തതോടെ നീതു വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. ഈ ഭാഗത്ത് തൊലി വെച്ച് പിടിപ്പിച്ചു. പരാതിക്ക് പിന്നാലെ ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ പ്രവർത്തനവും നിർത്തി വെപ്പിച്ചിട്ടുണ്ട്.