
ഐപിഎൽ മത്സരങ്ങൾ നടക്കേണ്ട ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഏതാനും ചില ടീമുകളുടെ ഹോം ഗ്രൗണ്ടുകൾക്ക് നേരെ ഭീഷണി ഉയർന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ ലഭിച്ച സന്ദേശങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ജയ്പൂരിൽ സവായ് മാൻസിങ് സ്റ്റേഡിയം, ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം തുടങ്ങിയവ ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം വന്നത്. ഭീഷണി ഉയര്‍ന്നിട്ടുള്ള സ്റ്റേഡിയങ്ങളെല്ലാം ഐപിഎല്‍ മത്സരങ്ങള്‍ നടന്ന വേദികളാണെന്ന സവിശേഷതയുമുണ്ട്.
അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. ഭീഷണിയെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ചെന്നൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ലഭിച്ച സന്ദേശം വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായി.