ഒരു കോടി രൂപയാണ് സാമ്പത്തിക സഹായമായി വള്ളംകളിക്ക് ടൂറിസം വകുപ്പ് നൽകുന്നതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു
നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പം ടൂറിസം വകുപ്പ് ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നെഹ്റു ട്രോഫി നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മന്ത്രി പിന്തുണ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വള്ളംകളിക്ക് ഒപ്പം ഉണ്ടാകും. വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണവും നൽകും. വള്ളംകളി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പ് അല്ല. എൻടിബിആർ സൊസൈറ്റി ആണ്. ഒരു കോടി രൂപയാണ് സാമ്പത്തിക സഹായമായി വള്ളംകളിക്ക് ടൂറിസം വകുപ്പ് നൽകുന്നതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, വള്ളംകളി നടക്കുമോ എന്ന കാര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശമില്ല.
READ MORE: 'എവിടെക്കും ഒളിച്ചോടിയിട്ടില്ല, എല്ലാ ചോദ്യത്തിനും AMMA അല്ല മറുപടി നല്‍കേണ്ടത്' : മോഹന്‍ലാല്‍
വള്ളംകളി നടത്തുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതോടെ, വള്ളംകളിക്ക് സാധ്യത മങ്ങുകയാണെന്ന തരത്തിൽ വാർത്തകളും പുറത്തുവന്നിരുന്നു. അതേസമയം, വള്ളംകളി അനിശ്ചിതത്വത്തിൽ പ്രതിഷേധം ശക്തമാണ്. വള്ളംകളി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി വള്ളംകളി പ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
വള്ളംകളി സെപ്റ്റംബറിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ബോട്ട് ക്ലബ്ബുകളുടെയും വള്ളം ഉടമകളുടെയും സംയുക്ത സമിതിയും രംഗത്ത് വന്നിട്ടുണ്ട്.