മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോഴാണ് നടപടിയെടുക്കുന്നത്. യഥാർത്ഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുന്നു
ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ പാർട്ടി നടപടി വൈകിപ്പോയെന്ന രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. സിപിഎമ്മിൻ്റേത് കൈകഴുകൽ നടപടിയാണെന്നും ഇ.പി ജയരാജനെ ബലിയാടാക്കിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു.
"മുഖ്യമന്ത്രി അറിയാതെ ഇ.പി. ജയരാജൻ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തില്ല. എത്രയോ വർഷങ്ങൾക്ക് മുൻപാണ് ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത്. അതിന് ഇപ്പോഴാണോ നടപടി എടുക്കുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്. തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല," വേണുഗോപാൽ പറഞ്ഞു.
"മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോഴാണ് നടപടിയെടുക്കുന്നത്. യഥാർത്ഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുന്നു. എൽദോസ് കുന്നപ്പിള്ളി രാജി വെച്ചില്ലല്ലോ എന്ന് സിപിഐഎം ചോദിക്കുന്നു. രണ്ടും രണ്ട് സാഹചര്യങ്ങളാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞതിനോടാണ് തനിക്ക് അനുഭാവം. അവർ അത് പറഞ്ഞത് പാർട്ടി തലത്തിൽ ആലോചിച്ചിട്ടാണ് എന്നാണ് എന്റെ വിശ്വാസം," കെ.സി. വേണുഗോപാൽ പറഞ്ഞു.
ഇ.പി. ജയരാജനെ മാറ്റിയത് മുഖം രക്ഷിക്കാനെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും പ്രതികരിച്ചു. "ജയരാജൻ ബിജെപിയുമായി ചർച്ച നടത്തിയത് പിണറായിക്ക് വേണ്ടിയാണ്. കള്ളം പൊളിഞ്ഞപ്പോൾ ഇ.പിയെ ഒഴിവാക്കി മുഖം രക്ഷിക്കാൻ ശ്രമം നടത്തുകയാണ്. ബിജെപിയുമായി അഡ്ജസ്റ്റ്‌മെൻ്റ് ഇല്ലായിരുന്നെങ്കിൽ പിണറായി വിജയൻ പുറത്തിറങ്ങി നടക്കില്ലായിരുന്നു. കേസുകളിൽ നിന്ന് പിണറായിയെ രക്ഷപ്പെടുത്തിയത് ചർച്ചകളുടെ ഭാഗം. തൃശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് നൽകിയത് ഇതിന്റെ പ്രത്യുപകാരം. ഇപി ജയരാജൻ ജാവദേക്കറെ കണ്ടത് ഇടനിലക്കാരനായാണ്," കെ. സുധാകരൻ പറഞ്ഞു.
READ MORE: ഇ.പി പോയി, ടി.പി വന്നു; ടി.പി. രാമകൃഷ്ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനർ
അതേസമയം, ബിജെപിയുമായി ഏറ്റവും വലിയ പാലമുള്ളത് മുഖ്യമന്ത്രിക്കാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. "മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൊടുത്ത സമ്മാനം കണ്ടില്ലേ. വിഗ്രഹം ആണ് സമ്മാനം നൽകുന്നത്. അവർ തമ്മിലുള്ള ബന്ധം ശക്തമാണ്. ഇ.പി. ജയരാജൻ പിടിക്കപ്പെട്ടു," രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപിയുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമുണ്ട് എന്നതുൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേരത്തെ പ്രതികരിച്ചിരുന്നു. ദല്ലാൾ നന്ദകുമാറിനെ ഇ.പി. കണ്ടതിനെ മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതെന്നും ഇപ്പോൾ അതിനെ തള്ളിപ്പറയുന്നതിൻ്റെ കാരണമെന്താണ് എന്നറിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി. പ്രതികരിച്ചത്. ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ പശ്ചാത്തലത്തിൽ ടി.പി. രാമകൃഷ്ണന്‍ എംപി പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമാണ് ടി.പി. രാമകൃഷ്ണൻ.
READ MORE: ഇ.പിക്കെതിരെ അച്ചടക്ക നടപടി; സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റും