ചാംപ്യൻസ് ലീഗ് സെമിയിൽ ഒരു ഡച്ച് താരത്തിൻ്റെ എക്കാലത്തേയും മികച്ച പ്രകടനമായി ഇത് മാറി. മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചായും ഡംഫ്രൈസ് തെരഞ്ഞെടുക്കപ്പെട്ടു.
യുവേഫ ചാംപ്യൻസ് ലീഗിലെ ആദ്യപാദ സെമി ഫൈനലിൽ ബാഴ്സലോണയ്‌ക്കെതിരെ ഞെട്ടിക്കുന്ന പ്രകടനം നടത്തി കായിക ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഡച്ച് പ്രതിരോധ താരം ഡെൻസൽ ഡംഫ്രൈസ്. ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി കളംനിറയുകയും നിർണായക സമയത്ത് അവസരത്തിനൊത്ത് ഉയരുകയും ചെയ്തിരിക്കുകയാണ് ഈ നെതർലൻഡ്സ് താരം. ചാംപ്യൻസ് ലീഗ് സെമിയിൽ ഒരു ഡച്ച് താരത്തിൻ്റെ എക്കാലത്തേയും മികച്ച പ്രകടനമായി ഇത് മാറി. മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചായും അയാൾ തെരഞ്ഞെടുക്കപ്പെട്ടു.
സ്പീഡും കരുത്തും ഗോളടി മികവും കൂടി ചേരുന്നതാണ് ഈ ഡച്ച് താരത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. ബാഴ്സലോണയ്‌ക്കെതിരായ ആദ്യപാദ സെമിയിൽ 3-5-2 ഫോർമേഷനിലാണ് ഇൻ്റർ മിലാൻ കളിക്കാനിറങ്ങിയത്. മിഡ് ഫീൽഡിൽ വലതു വിങ് ബാക്കായാണ് ഡെൻസൽ ഡംഫ്രൈസ് കളിക്കാനിറങ്ങിയത്. തുറാമിനും ലൌട്ടാരോ മാർട്ടിനെസിനും പന്തെത്തിക്കുകയായിരുന്നു അയാളുടെ പ്രധാന ജോലിയെങ്കിലും, മത്സരത്തിൽ ഗോളടി മേളവുമായി തിളങ്ങാനായിരുന്നു വിധി. ആദ്യ മിനിറ്റ് മുതൽ ബാഴ്സയുടെ പ്രതിരോധ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞുവെന്നതാണ് ഈ ഡച്ച് താരത്തെ വ്യത്യസ്തനാക്കുന്നത്.
മത്സരത്തിലെ ആദ്യ മിനിറ്റിൽ തന്നെ വലതു വിങ്ങിലെ ബോക്സിന് പുറത്തുനിന്ന് ഡംഫ്രൈസ് നൽകിയ പാസിൽ നിന്ന് അതിമനോഹരമായൊരു ബാക്ക് ഹീൽ ഷോട്ടിലൂടെയാണ് മാർക്കസ് തുറാം ബാഴ്സലോണയുടെ വല കുലുക്കിയത്. പിന്നാലെ 21ാം മിനിറ്റിൽ ഡെൻസൽ മത്സരത്തിൽ തൻ്റെ ആദ്യ ഗോൾ കണ്ടെത്തി. ഫെഡറിക്കോ ഡിമാർക്കോയുടെ കോർണറിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത് ബൈസിക്കിൾ കിക്കിലൂടെ ആതിഥേയരെ വീണ്ടും ഞെട്ടിക്കാൻ ഡംഫ്രൈസിനായി. മത്സരത്തിൽ ഇറ്റാലിയൻ ടീമിന് 2-0ൻ്റെ നിർണായക ലീഡ് സമ്മാനിക്കാനുമായി.
ALSO READ: ത്രില്ലർ സെമി ഫൈനൽ; ചാംപ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ഇൻ്ററിനോട് സമനില പിടിച്ച് ബാഴ്സലോണ
മത്സരത്തിൽ രണ്ട് ഗോൾ മടക്കി ബാഴ്സലോണ തിരിച്ചടിക്കുന്ന ഘട്ടത്തിലാണ് ഡംഫ്രൈസിലൂടെ ഇൻ്റർ മിലാൻ്റെ മൂന്നാം ഗോൾ പിറന്നത്. കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് തകർപ്പനൊരു ഹെഡ്ഡറിലൂടെ ഡച്ച് താരം വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മുന്നിലെത്തിയ മിലാന് സന്തോഷിക്കാൻ അധികം സമയമൊന്നും ലഭിച്ചില്ല. രണ്ട് മിനിറ്റിനകം റഫീഞ്ഞയുടെ ലോങ് റേഞ്ചർ ഷോട്ടിലൂടെ ബാഴ്സ ഒപ്പമെത്തി.
അതേസമയം, ഇതാദ്യമായല്ല ഒരു ഡച്ച് സ്ട്രൈക്കർ ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സലോണയ്ക്ക് തലവേദനയാകുന്നത്. നേരത്തെ മുൻ ഡച്ച് സ്ട്രൈക്കറായ വെസ്ലി സ്നൈഡറും ചാംപ്യൻസ് ലീഗ് സെമിയിൽ ബാഴ്സലോണയ്ക്കെതിരെ ഒരു ഗോളും അസിസ്റ്റും നേടിയിരുന്നു.
1996 ഏപ്രിൽ 18ന് സൌത്ത് ഹോളണ്ടിലെ റൂണിൽ ആയിരുന്നു ജനനം. അറൂബ പൌരനായ പിതാവ് ബോറിസിൻ്റേയും, സുറിനാം പൌരയായ മാതാവ് മാർലീന്റെയും മകനാണ് ഡെൻസൽ ജസ്റ്റസ് മോറിസ് ഡംഫ്രൈസ് എന്ന ഈ സെൻസേഷണൽ ഡച്ച് ഫുട്ബോളർ. അമേരിക്കൻ നടൻ ഡെൻസൽ വാഷിംഗ്ടണിന്റെ പേരാണ് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകിയത്.
ALSO READ: പ്രൊഫ. സണ്ണി തോമസ്: ഇന്ത്യയെ ഒളിംപിക് മെഡൽ സ്വപ്നം കാണാൻ പഠിപ്പിച്ച 'ദ്രോണാചാര്യർ'
2014ൽ അന്താരാഷ്ട്ര തലത്തിൽ ആദ്യം അറുബയ്ക്ക് വേണ്ടിയായിരുന്നു ഫുട്ബോൾ കളിച്ചിരുന്നത്. 2018ൽ സീനിയർ ടീമിലുമെത്തി. പിന്നീട് 2020 യൂറോ കപ്പിലൂടെയാണ് നെതർലൻഡ്സ് ടീമിൻ്റെ ഭാഗമായത്. 2022 ലോകകപ്പ്, 2024 യൂറോ കപ്പ് എന്നിവയിലും ഡച്ച് ടീമിൻ്റെ ഭാഗമായി.
2018 മുതൽ പിഎസ്‌വി ഐന്തോവൻ ക്ലബ്ബിൻ്റെ റൈറ്റ് ബാക്കായി കളിച്ചിരുന്നു. 2021ലാണ് ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർ മിലാൻ ടീമിലെത്തിച്ചത്. 2021 ഓഗസ്റ്റ് 14നാണ് ഡംഫ്രൈസ് സീരി എ ചാമ്പ്യന്മാരായ ഇൻ്റർ മിലാനിൽ 12.5 മില്യൺ യൂറോയ്ക്ക് ചേർന്നു. പിഎസ്‌വി ഐന്തോവന് ബോണസായി 2.5 മില്യൺ യൂറോയും ലഭിച്ചു.