fbwpx
'സാധാരണക്കാരനായ' രാഷ്ട്രത്തലവന്‍; ഉറൂഗ്വന്‍ വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായ ഹോസെ മുഹീക അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 14 May, 2025 03:29 PM

അവസാന കാലത്ത് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, 'ജീവിതം മനോഹരവും സാഹസികവും അത്ഭുതവുമാണ്. സന്തോഷത്തേക്കാള്‍ സമ്പത്തിന് പ്രാധാന്യം കൊടുക്കുകയാണ് നമ്മള്‍. നേട്ടങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ഇതെല്ലാം തിരിച്ചറിയുമ്പോഴേക്കും ജീവിതം അവസാനിച്ചിട്ടുണ്ടാകും'

WORLD


ഉറൂഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹീക(89) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നിലവിലെ പ്രസിഡന്റായ യമന്തു ഒര്‍സിയാണ് ഉറൂഗ്വേയുടെ വിപ്ലവനായകന്റെ മരണവാര്‍ത്ത അറിയിച്ചത്. 'പെപെ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന നിലപാടുകളിലൂടെയും ലോകശ്രദ്ധ നേടിയ നേതാവാണ് ഹോസെ മുഹീക. 2024 ലാണ് മുഹീകയ്ക്ക് അന്നനാള കാന്‍സര്‍ സ്ഥിരീകരിച്ചത്. അവസാന സമയത്ത് ചികിത്സ മതിയാക്കി സ്വന്തം ഫാമിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

ഉറൂഗ്വേയുടെ നീണ്ട വിപ്ലവ ചരിത്രത്തിന്റെ സഹയാത്രികനായിരുന്നു മുഹീക. ഗറില്ല പോരാളിയില്‍ നിന്ന് രാഷ്ട്രത്തലവനിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതം തന്നെ ചരിത്രമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരംഭിച്ച ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ അംഗമായിരുന്നു അദ്ദേഹം. 1970കളിലും എണ്‍പതുകളിലും ഉറൂഗ്വേയിലുണ്ടായ സൈനികഭരണത്തില്‍ മുഹീകയെ 15 വര്‍ഷത്തോളം ജയിലിലടക്കപ്പെട്ടു.

ജയിലില്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെ കുറിച്ച് 2020 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, 'ആറ് മാസം ഒരു കമ്പി കൊണ്ട് അവര്‍ എന്റെ കൈകള്‍ പിന്നില്‍ കെട്ടി. രണ്ട് വര്‍ഷത്തോളം ബാത്ത്‌റൂമില്‍ പോകാന്‍ പോലും അനുവദിച്ചിരുന്നില്ല'.


Also Read: 14,200 കോടി ഡോളറിന്റെ ആയുധ ഇടപാട്; ഒപ്പിട്ട് സൗദിയും യുഎസ്സും


1985 ല്‍ ഉറൂഗ്വേയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചപ്പോഴാണ് മുഹീക ജയില്‍ മോചിതനാകുന്നത്. ജയില്‍ മോചിതനായതിനു ശേഷം അദ്ദേഹം മൂവ്‌മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ടിസിപ്പേഷന്‍ (എംപിപി) രൂപീകരണത്തില്‍ സഹസ്ഥാപകനായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമനിര്‍മാണ സഭയില്‍ അംഗമായി. 2010 ല്‍ 50 ശതമാനം വോട്ട് നേടിയാണ് മുഹീക ഉറൂഗ്വേയുടെ പ്രസിഡന്റാകുന്നത്.



വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന എളിമയുള്ള നേതാവായാണ് ഹോസെ മുഹീകയെ വിശേഷിപ്പിക്കുന്നത്. വ്യക്തി ജീവിതത്തില്‍ പ്രസിഡന്റിന്റെ പദവികളും ഔദ്യോഗിക സൗകര്യങ്ങളും ഒഴിവാക്കിയായിരുന്നു അദ്ദേഹം ജീവിച്ചത്. മുഹീക പ്രസിഡന്റായിരുന്ന 2010 മുതല്‍ 2015 വരെയുള്ള കാലത്താണ് ഉറൂഗ്വേ സാമ്പത്തിക വളര്‍ച്ച നേടിയതും ലാറ്റിന്‍ അമേരിക്കയിലെ പുരോഗമന പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നതും.


Also Read: ആഞ്ചലോട്ടി വരുന്നു; മാറുമോ ബ്രസീലിന്റെ തലവര


ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം, കഞ്ചാവ് നിയമവിധേയമാക്കിയതുമെല്ലാം അദ്ദേഹത്തിന്റെ കാലത്താണ്. കഞ്ചാവ് നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യവും ഉറൂഗ്വേയാണ്. രാഷ്ട്രീയം വ്യക്തിപരം കൂടിയാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച നേതാവാണ് മുഹീക. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിട്ടും അദ്ദേഹം നയിച്ച ലളിത ജീവിതമാണ് ലോകം മുഴുവന്‍ ചര്‍ച്ചയായത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ വിസമ്മതിച്ച മുഹീക ഭാര്യക്കൊപ്പം ഒരു ഫാം ഹൗസിലായിരുന്നു അവസാനം വരെ കഴിഞ്ഞിരുന്നത്. ഇവിടെ തോട്ടപരിപാലനമായിരുന്നു അവസാന കാലത്തും അദ്ദേഹത്തിന്റെ ജോലി. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ബഹുഭൂരിഭാഗവും മറ്റുള്ളവര്‍ക്ക് നല്‍കി.

'ലോകത്തിലെ ദരിദ്രനായ പ്രസിഡന്റ്' എന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച വിശേഷണം. എന്നാല്‍ ഈ വിശേഷണം തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ദരിദ്രനായ പ്രസിഡന്റ് അല്ലെന്നും ധാരാളം ആവശ്യങ്ങളുള്ള ആളാണ് ദരിദ്രനെന്നും പറഞ്ഞ അദ്ദേഹം 'സമചിത്തതയുള്ള പ്രസിഡന്റ്' എന്നാണ് സ്വയം വിശേഷിപ്പിച്ചത്. വളരെ കുറച്ചു മാത്രം ആവശ്യങ്ങളുള്ള വ്യക്തിയാണ് താനെന്നും പ്രസിഡന്റാകുന്നതിനും എത്രയോ മുമ്പ് തന്നെ താന്‍ അങ്ങനെയാണ് ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അര്‍ബുദ രോഗം സങ്കീര്‍ണമായ ഘട്ടത്തില്‍ ഇനി ചികിത്സ വേണ്ടെന്ന് നിലപാടെടുത്ത അദ്ദേഹം അവസാന നാളുകള്‍ സമാധാനപരമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞാണ് ഫാം ഹൗസില്‍ തുടര്‍ന്നത്. ഗറില്ലാ കാലത്ത് ഒപ്പമുണ്ടായിരുന്ന ലൂസിയ ടോപോലന്‍സ്‌കിയാണ് ജീവിത പങ്കാളി. ഇവര്‍ക്ക് മക്കളില്ല.

അവസാന കാലത്ത് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, 'ജീവിതം മനോഹരവും സാഹസികവും അത്ഭുതവുമാണ്. സന്തോഷത്തേക്കാള്‍ സമ്പത്തിന് പ്രാധാന്യം കൊടുക്കുകയാണ് നമ്മള്‍. നേട്ടങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ഇതെല്ലാം തിരിച്ചറിയുമ്പോഴേക്കും ജീവിതം അവസാനിച്ചിട്ടുണ്ടാകും' .

FOOTBALL
"മറഡോണയെ വൃത്തികെട്ട സ്ഥലത്ത് കൊണ്ടുചെന്നിട്ടു, ചികിത്സ നാടകം"; മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ
Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
"വാക്കുകള്‍ കടുത്തുപോയി, വികാരപ്രകടനം അല്‍പ്പം കടന്നുപോയി"; ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍