
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായ സർവേകൾ ശ്രദ്ധിക്കേണ്ടതെന്നും ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസ്. അഭിപ്രായ സർവേകൾ കാണിക്കുന്ന വിജയ സാധ്യതയിൽ അഭിരമിക്കേണ്ടതില്ലെന്നും വിജയ സാധ്യത കുറഞ്ഞ സ്ഥാനാർഥിയാണ് താനെന്നും കഴിഞ്ഞ ദിവസം വിസ്കോൺസിനിൽ മാഡിസണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കമല ഹാരിസ് പറഞ്ഞു.
ഇനി 46 ദിവസമാണ് തെരഞ്ഞെടുപ്പിന് ശേഷിക്കുന്നത്. എന്തുതന്നെ ആയാലും ഇത് അവസാനം വരെ കടുത്ത മത്സരം തന്നെ ആയിരിക്കും. അതുകൊണ്ട്, താൻ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ഇതിൽ നമ്മൾ ഒരുമിച്ചാണെന്നും കമല ഹാരിസ് പറഞ്ഞു.
ദ ന്യൂയോർക്ക് ടൈംസ്, ദി ഫിലാഡൽഫിയ ഇൻക്വയറർ, സിയാന കോളേജ് എന്നിവർ നടത്തിയ സെപ്റ്റംബർ 11 മുതൽ 16 വരെയുള്ള അഭിപ്രായ സർവ്വേയിൽ കമല ഹാരിസും ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഹാരിസിനും ട്രംപിനും 47 ശതമാനം വോട്ടുകൾ വീതമാണ് പ്രവചനത്തിൽ.