എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി , കൊടകര കുഴൽപ്പണ കേസിൽ പൂർണ നിശബ്ദത പാലിക്കുകയാണ്
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഏറെ ചർച്ചയാകുന്ന കൊടകര കുഴൽപണ കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിൽ കെ. സുരേന്ദ്രൻ നിരപരാധിയല്ലെന്നും, അന്വേഷണം അട്ടിമറിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ട് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വാർത്താ കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
കൊടകര കുഴൽപ്പണ കേസിൽ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ വാദം പൂർണ്ണമായും തെറ്റാണ്. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നു. കള്ളപ്പണം കൊണ്ടുവരാൻ നിർദേശിച്ചത് കെ. സുരേന്ദ്രൻ ആണെന്ന് കേരള പൊലീസിൻ്റെ ആദ്യ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടിൽ കേസെടുക്കാൻ ഇഡി തയ്യാറാകുന്നില്ല എന്നത് വിസ്മയിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി, കൊടകര കുഴൽപ്പണ കേസിൽ പൂർണ നിശബ്ദത പാലിക്കുകയാണ്. കൂടാതെ അന്വേഷണത്തിനായി സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിന് മുൻപ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിനെ കുറിച്ച് പൊലീസിന് അറിയാമായിരുന്നു. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൻ്റേയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമാകുകയായിരുന്നു. പരസ്പര സഹായ സഹകരണ സംഘമായി സിപിഎമ്മും ബിജെപിയും പ്രവർത്തിച്ചുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ALSO READ: കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താന്‍; ബിജെപിയുടെ വാദം തള്ളി തിരൂര്‍ സതീശ്
പിണറായി വിജയന് കേരളത്തിലെ ബിജെപി യിൽ എത്രമാത്രം സ്വാധീനമുണ്ട് എന്നതിൻ്റെ തെളിവാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ്റെ ഇന്നത്തെ ആരോപണങ്ങളിലൂടെ വ്യക്തമാകുന്നത്. ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരിൽ പ്രധാനി പിണറായി വിജയൻ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നത്. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തിനിൽക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രൻ്റെ വാക്കുകളെന്നും, ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതെരഞ്ഞെടുപ്പുകളിൽ ജനം മറുപടി നൽകുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ALSO READ: 'കൊല്ലാൻ പറ്റും, പൊതുജീവിതം നശിപ്പിക്കാൻ പറ്റില്ല'; തിരൂർ സതീശിൻ്റെ പിന്നിലെ ചരടുവലി ആരോപണം തള്ളി ശോഭാ സുരേന്ദ്രൻ
അതേസമയം കൊടകര കുഴൽപ്പണ കേസ് എന്തുകൊണ്ട് ആദായ നികുതി വകുപ്പോ ഇഡിയോ അന്വേഷിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ എംപി ചോദ്യമുന്നയിച്ചു. ആദായ നികുതി വകുപ്പും ഇഡിയും ഇപ്പോൾ എവിടെയാണെന്നും, ഇത്രയും പച്ചയായ കാര്യം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇല്ലാത്ത കേസുകൾ കെട്ടിച്ചമച്ച് മുഖ്യമന്ത്രിമാരെ പോലും ഇവർ ജയിലിൽ അടക്കുന്നു.പാവപ്പെട്ടവൻ്റെ നോട്ട് നിരോധിച്ച് കള്ളപ്പണ വേട്ട എന്ന് പറഞ്ഞവർ ഇപ്പോൾ കള്ളപ്പണം ഒഴുക്കുന്നു. പൊലീസ് അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്നും, ഇത്രയും വലിയ ആയുധം ഉണ്ടായിട്ടും പൊലീസ് അവരെയെല്ലാം വെറുതെ വിട്ടുവെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.