ഇത് കാലത്തിന്റെ കാവ്യനീതി, സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിനുള്ളിലും കലാപം; ഇ.പിയുടെ ആത്മകഥാ വിവാദത്തില്‍ വി.ഡി. സതീശന്‍

ആത്മകഥ പാര്‍ട്ടിക്കും ജയരാജനും വേണമെങ്കില്‍ നിഷേധിക്കാം. ഇ.പി. ജയരാജന്‍ നേരത്തെയും അങ്ങനെ പറയുന്ന ഒരാളാണ്.
ഇത് കാലത്തിന്റെ കാവ്യനീതി, സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിനുള്ളിലും കലാപം; ഇ.പിയുടെ ആത്മകഥാ വിവാദത്തില്‍ വി.ഡി. സതീശന്‍
Published on


ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സരിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സിപിഎമ്മിന്റെ അകത്ത് തന്നെ കലാപം നടക്കുന്നുവെന്ന് അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പുസ്തകത്തിലൂടെ വ്യക്തമാക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തീരുന്നത് വരെ സമ്മതിക്കരുതെന്ന് പാര്‍ട്ടി അദ്ദേഹത്തെ വിലക്കിയിരിക്കുയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

'ബിജെപിയില്‍ സ്ഥാനാര്‍ഥിത്വം ചോദിച്ചു പോയ ഒരാളെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയാക്കി പാലക്കാട് അവതരിപ്പിച്ചതില്‍ സിപിഎമ്മില്‍ കലാപമാണ് എന്ന് ഞങ്ങള്‍ പറഞ്ഞ കാര്യം അടിവരയിട്ടിരിക്കുയാണ് ഇപി ജയരാജന്‍ ആത്മകഥയിലൂടെ. കാരണം ഇരുണ്ടു വെളുക്കുന്നതിന് മുമ്പേ മറുകണ്ടം ചാടിയ ആളെ സ്ഥാനാര്‍ഥിയാക്കിയത് പാലക്കാട് മാത്രമല്ല, ചേലക്കരയില്‍ കൂടി പാര്‍ട്ടിയുടെ വിജയസാധ്യതയെ ബാധിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇരുണ്ടു വെളുക്കുന്നതിന് മുമ്പ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സിപിഎം സ്ഥാനാര്‍ഥിയാക്കിയത് എന്ന് സിപിഎമ്മിന്റെ ഉന്നതരായ നേതാക്കള്‍ പോലും പരാതിപ്പെടുന്ന സമയമാണ് ഇത്,' വിഡി സതീശന്‍ പറഞ്ഞു.

ആത്മകഥ പാര്‍ട്ടിക്കും ജയരാജനും വേണമെങ്കില്‍ നിഷേധിക്കാം. ഇ.പി. ജയരാജന്‍ നേരത്തെയും അങ്ങനെ പറയുന്ന ഒരാളാണ്. കാരണം അദ്ദേഹം ജാവദേക്കറെ കണ്ടോ എന്ന് ചോദിച്ചപ്പോള്‍ കണ്ടില്ലെന്ന് പറഞ്ഞ ആളാണ്. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ടെന്ന് പറഞ്ഞു. രാജീവ് ചന്ദ്രശേഖരനുമായി ബസിനസ് ചെയ്യുന്നു എന്ന് താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ആദ്യം അതും അദ്ദേഹം തള്ളി. എന്നാല്‍ അദ്ദേഹം സത്യസന്ധനാണ്. കാരണം പിന്നീട് തന്റെ ഭാര്യയ്ക്ക് അതില്‍ ഷെയര്‍ ഉണ്ട് എന്ന് വ്യക്തമാക്കി രംഗത്തെത്തിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.\


തെരഞ്ഞെടുപ്പ് തീരുന്നത് വരെ പുറത്തു പറയാതിരിക്കാന്‍ പാര്‍ട്ടി അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹം തന്നെ തുറന്നു പറയും. കാരണം ഡിസി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള ഒരു പ്രസാധക സ്ഥാപനത്തിന് ആകാശത്തുനിന്ന് അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ കഴിയുമോ? കേരളത്തിലെ ഏറ്റവും വലിയ പ്രസാധകര്‍ക്ക് ഇത്രയും വലിയ ഒരു നോതാവിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കവര്‍പേജ് പബ്ലിഷ് ചെയ്ത് അത് ഇന്ന് എല്ലാ സ്റ്റാളുകളിലുമെത്തും എന്ന് അറിയിപ്പു കൊടുക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ആത്മകഥ പുറത്തുപോയി അത് സത്യമാണ്. അത് സംഭവിച്ചത് എങ്ങനെയാണ് എന്ന് അവരാണ് അന്വേഷിക്കേണ്ടത്. ഇപിയുടെ പാര്‍ട്ടിക്കകത്തെ മിത്രങ്ങളാണോ ശത്രുക്കളാണോ അത് പുറത്തുവിട്ടത് എന്ന് മാത്രം ഇനി അദ്ദേഹം നോക്കിയാല്‍ മതി. ബാക്കിയെല്ലാം പ്രിന്റ് ചെയ്ത കാര്യങ്ങളാണ്. അതില്‍ അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചും പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചും രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ചുമൊക്കെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്. അതിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ മാധ്യമങ്ങളോട് പറയാനുള്ളത്, തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി ആദ്യത്തെ പത്ത് ദിവസം ഡിസിസിയുടെ കത്തുമായി നടന്ന എല്ലാവരും ഇനി ഈ ബുക്ക് വെച്ചുകൊണ്ട് നടക്കണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.


നേരത്തെ യുഡിഎഫ് നേതാക്കളും ആത്മകഥാ വിവാദത്തില്‍ രംഗത്തെത്തിയിരുന്നു. ഇ.പി. പറയുന്നത് കളവാണെന്നും ഇതുപോലെ ഒരു കാര്യം ഒരിക്കലും ഡിസി ബുക്‌സ് സ്വയം എഴുതി ചേര്‍ക്കില്ലെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്. ഇ.പി. ജയരാജന്റെ ചാട്ടം ബിജെപിയിലേക്കാണെന്നും അദ്ദേഹം ബിജെപി നേതാക്കന്മാരുമായല്ലേ കൂടിക്കാഴ്ച നടത്തുന്നതെന്നും കെ. സുധാകരന്‍ പരിഹസിച്ചു.

ഇ.പി. ജയരാജന്‍ നിഷ്‌കളങ്കന്‍ ആണെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. പറയാനുള്ളതെല്ലാം തുറന്നു പറയുന്ന ആളാണ് ഇപി ജയരാജന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും മിത്രങ്ങളുമുണ്ട്. ജയരാജന്‍ പറയാത്ത കാര്യങ്ങള്‍ ഡിസി ബുക്‌സ് ചേര്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'പാര്‍ട്ടിയുടെ സമ്മര്‍ദ്ദം കൊണ്ടാണ് ജയരാജന്‍ വാര്‍ത്ത നിഷേധിച്ചത്. ഇതിനു മുന്‍പും ജയരാജന്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടുണ്ട്. ജയരാജന്‍ എഴുതിക്കൊടുത്തിട്ടുണ്ടെങ്കില്‍ അതു പോലെ തന്നെ പ്രസിദ്ധീകരിക്കണം. എല്ലാ കാലത്തും അഭിപ്രായങ്ങള്‍ ഇരുമ്പുമറയ്ക്കുള്ളില്‍ ഒളിച്ചുവെയ്ക്കാനാവില്ല. ജയരാജന്‍ അഭിവാദ്യങ്ങള്‍,' തിരുവഞ്ചൂര്‍ പറഞ്ഞു.

ജയരാജന് കമ്പോളത്തില്‍ റേറ്റിംഗ് കൂടിയെന്നും പാര്‍ട്ടിക്ക് ഇപിയെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ഇപി കൂടി ചേര്‍ന്നാലേ സിപിഎം സിപിഎം ആകൂ എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മില്‍ എന്നും വിവാദമാണെന്ന് പി.കെ. ബഷീര്‍ എംഎല്‍എ പ്രതികരിച്ചു. ഇ.പി. ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു. ഇന്നത്തെ ദിവസം പുസ്തകവുമായി ബന്ധപ്പെട്ട് വിവരം പുറത്തു വന്നതില്‍ എല്ലാവര്‍ക്കും പങ്ക് ഉണ്ടാകും. ഇ പി-അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ലെന്നായിരുന്നു പി.കെ. ബഷീര്‍ എംഎല്‍എയുടെ പ്രതികരണം.

ചില കാര്യങ്ങളില്‍ ഇപി ജയരാജന് ദീര്‍ഘ വീക്ഷണം ഉണ്ടെന്നായിരുന്നു വികെ ശ്രീകണ്ഠന്‍ എംപിയുടെ പ്രതികരണം. പാര്‍ട്ടിക്ക് വയ്യാവേലി ആകുമെന്നത് ജയരാജന്‍ പറയാതെ തന്നെ അറിയാം. അത് കോണ്‍ഗ്രസിനെ സംബന്ധിക്കുന്ന വിഷയം അല്ലെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com