
പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ, വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച മലബാർ ഡിസ്റ്റിലറിയോട് അവഗണന തുടരുകയാണെന്ന ആരോപണവുമായി കോൺഗ്രസ്. മലബാർ ഡിസ്റ്റിലറിക്ക് വെള്ളം നൽകാൻ കഴിയാത്ത വാട്ടർ അതോറിറ്റി എങ്ങനെയാണ് എലപ്പുള്ളിയിലെ കമ്പനിക്ക് വെളളം എത്തിക്കുകയെന്ന് വി. കെ. ശ്രീകണ്ഠൻ എംപി ചോദിച്ചു.
എലപ്പുളളിയിലെ സ്വകാര്യ മദ്യ നിർമാണ കമ്പനിയെ എതിർക്കുന്നവർ, വികസന വിരോധികളാണെന്ന സിപിഎം ആരോപണത്തിന് മറുപടിയായാണ് വി.കെ. ശ്രീകണ്ഠൻ എംപി, ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൻ്റെ പദ്ധതി പ്രദേശം സന്ദർശിച്ചത്. സർക്കാരിന് വികസന താൽപ്പര്യമുണ്ടെങ്കിൽ, എക്സൈസ് വകുപ്പിന് കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് എന്ത് കൊണ്ട് വൈകുന്നുവെന്ന് വി. കെ. ശ്രീകണ്ഠൻ ചോദിച്ചു.
ചിറ്റൂർ ഷുഗർഫാക്ടറി അടച്ചുപൂട്ടിയതോടെ, മലബാർ ഡിസ്റ്റിലറീസ് എന്ന പേരിൽ കമ്പനി രൂപീകരിച്ചെങ്കിലും വർഷമായിട്ടും പദ്ധതി തുടങ്ങിയിട്ടില്ല. എക്സൈസിൻ്റെ ഗോഡൗണായാണ് ഈ സ്ഥലം പ്രവർത്തിക്കുന്നത്. ഭൂരിഭാഗം സ്ഥലവും കാടു പിടിച്ച് കിടക്കുകയാണ്. ഇവിടെക്ക് വെള്ളം എത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. വരും ദിവസങ്ങളിൽ എലപ്പുള്ളിയിലെ നിർദിഷ്ട മദ്യ നിർമാണ കമ്പനിക്കെതിരെ സമരം ശക്തമാക്കുമെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.