ഡൽഹിയുടെ നാലു ഭാഗത്തുമുള്ള നിരവധി പ്രദേശങ്ങളേയും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന് കീഴിലുള്ള പ്രദേശങ്ങളെയുമാണ് പ്രധാനമായും ജലക്ഷാമം ബാധിച്ചിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണവും ജലക്ഷാമവും രൂക്ഷമായതോടെ ഡൽഹിയിൽ ജനജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം അപകടകരമായ അവസ്ഥയിലേക്ക് എത്തിയ സാഹചര്യത്തിൽ നഗരത്തിലെ എട്ട് കേന്ദ്രങ്ങൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
മഞ്ഞും തണുപ്പും പുക പടലം കൊണ്ട് മൂടിയ അന്തരീക്ഷവും ഇതാണ് ഡെൽഹിയുടെ അവസ്ഥ. എയർ ക്വാളിറ്റി ഇൻഡക്സ് 278 ആണ് തലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് വലിയ വർധനവ്. ദീപാവലിക്ക് പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് സർക്കാർ. മലിനീകരണം വീണ്ടും രൂക്ഷമാക്കുന്നതിനാലാണിത്. വായു ഗുണനിലവാരത്തിന്റെ ഇൻഡക്സ് പ്രകാരം 400 എന്ന അളവ് വരെ മോശം നിലയാണ്. 401 മുതൽ 500 വരെ 'അതി തീവ്രം' ആയാണ് കണക്കാക്കുന്നത്. ദീപാവലി ആഘോഷങ്ങൾ ഈ അവസ്ഥയിലേക്ക് എത്തിക്കുമെന്നതാണ് ഡൽഹിയിലെ ആശങ്ക.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്ക് പ്രകാരം, 36 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ എട്ടെണ്ണമായ ആനന്ദ് വിഹാർ, അശോക് വിഹാർ, അയാ നഗർ, ബവാന, ജഹാംഗീർപുരി, മുണ്ട്ക, വിവേക് വിഹാർ, വസീർപൂർ എന്നീ സ്റ്റേഷനുകൾ "വളരെ മോശം" വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
Also Read; ബാല്‍ താക്കറെ ഉയര്‍ത്തിക്കെട്ടിയ കൊടിയും പിന്‍ഗാമികളുടെ തമ്മിലടിയും
ദീപാവലി പ്രകാശത്തിൻ്റെ ആഘോഷമാണ്. പടക്കം പൊട്ടിച്ചുണ്ടാകുന്ന മലിനീകരണം പക്ഷേ ഒഴിവാക്കണമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭ്യർത്ഥിച്ചു. നിയന്ത്രണം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമാണെന്നും കെജ്‌രിവാൾ പറഞ്ഞു.. പടക്കം നിരോധിക്കാൻ റെവന്യൂ വകുപ്പും പൊലീസ് സേനയും പരിശോധനകൾ നടത്തുന്നുണ്ട്. പടക്ക നിയന്ത്രണത്തിൻ്റെ ഭാഗമായി ഇതുവരെ 79 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. 19,000 ത്തിലധികം കിലോ പടക്കങ്ങളും പിടിച്ചെടുത്തു.
അതേ സമയം ഡൽഹിയെ വലച്ച് ജലക്ഷാമവും അതിരൂക്ഷമാകുകയാണ്. യമുന നദിയിലെ മലിനീകരണമാണ് ജലക്ഷാമത്തിന് കാരണമായത് .യമുനയിൽ അമോണിയത്തിൻ്റെ അംശം അനുവദനീയമായതിലും കൂടുതൽ. പ്രതിസന്ധി നവംബർ ഒന്ന് വരെ തുടരുമെന്ന് ഡെൽഹി ജൽ ബോർഡ് അറിയിച്ചിരുന്നു. ഡൽഹിയുടെ പല ഭാഗങ്ങളിലും നവംബർ 1 വരെ ജലക്ഷാമം ഉള്ളതായി ദില്ലി ജല ബോർഡ് ഞായറാഴ്ച അറിയിച്ചിരുന്നു. ഡൽഹിയുടെ നാലു ഭാഗത്തുമുള്ള നിരവധി പ്രദേശങ്ങളേയും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന് കീഴിലുള്ള പ്രദേശങ്ങളെയുമാണ് പ്രധാനമായും ജലക്ഷാമം ബാധിച്ചിരിക്കുന്നത്.