മരണപ്പെടുന്നതില്‍ കൂടുതല്‍ പുരുഷന്മാര്‍; എന്താണ് 'ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം'

സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നതെങ്കിലും പുരുഷന്മാരില്‍ മരണനിരക്ക് കൂടുതലെന്ന് കണ്ടെത്തൽ
മരണപ്പെടുന്നതില്‍ കൂടുതല്‍ പുരുഷന്മാര്‍; എന്താണ് 'ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം'
Published on

എന്താണ് 'ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം'? തീവ്രമായ വൈകാരികമോ ശാരീരികമോ ആയ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഹൃദ്രോഗമാണ് Takotsubo cardiomyopathy എന്ന് വിളിക്കുന്ന ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം. നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങി ഹൃദയാഘാതത്തിന്റെ ലക്ഷണമെല്ലാം ഈ അവസ്ഥയിലുണ്ടാകും. ഈയൊരു അവസ്ഥയില്‍ നിന്ന് തിരിച്ച് സാധാരണ നിലയിലേക്ക് വരുമെങ്കിലും കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍, കാര്‍ഡിയോജനിക് ഷോക്ക്, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഈ അവസ്ഥ കാരണമാകും.

തീവ്രമായ വിഷമഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഹൃദയം തകരുന്ന വേദനയെന്നും വിശേഷിപ്പിക്കാം. നമ്മളില്‍ പലര്‍ക്കും ചില ഘട്ടങ്ങളിലെങ്കിലും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകാം.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ വന്ന പഠനത്തില്‍ ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം മൂലം സംഭവിക്കുന്ന മരണങ്ങളില്‍ കൂടുതലും പുരുഷന്മാരിലാണെന്ന് പറയുന്നു. യുഎസ്സില്‍ 2016 നും 2020 നും നും ഇടയില്‍ രോഗനിര്‍ണയം നടത്തിയ ഏകദേശം 200,000 രോഗികളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 83 ശതമാനം സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നതെങ്കിലും പുരുഷന്മാരില്‍ മരണനിരക്ക് 11.2 ശതമാനം ഉയര്‍ന്നതാണെന്നും സ്ത്രീകളില്‍ ഇത് 5.5 ശതമാനമാണെന്നും കണ്ടെത്തി.

പുരുഷന്മാരിലെ മരണനിരക്ക് ഉയരാന്‍ പല കാരണങ്ങളാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതില്‍ പ്രധാനം മാനസികാരോഗ്യത്തിൽ സാമൂഹികമായി പുരുഷന് ലഭിക്കുന്ന പിന്തുണയുടെ അപര്യാപ്തതയാണ്. കൂടാതെ, സമ്മര്‍ദം നേരിടുന്നതില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലുള്ള വ്യത്യാസവും മരണനിരക്ക് കൂടാന്‍ കാരണമാകുന്നു. രോഗത്തെ കുറിച്ച് കൂടുതല്‍ അവബോധവും ലിംഗഭേദമന്യേ മെച്ചപ്പെട്ട ചികിത്സാരീതികളും അനിവാര്യമാണെന്ന് പഠനം പറയുന്നു.

മരണ നിരക്ക് കൂടുന്നത് ഭയപ്പെടുത്തുന്നതാണെന്നും രോഗാവസ്ഥയെ കുറിച്ച് അവബോധം വളര്‍ത്തുകയും മെച്ചപ്പെട്ട ചികിത്സാ രീതികളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നുമാണ് ജേണലില്‍ പറയുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com