2022ല്‍ പഞ്ചാബി പാട്ടുകാരന്‍ സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്ണോയ് ഗ്യാങ് എന്ന പേര് ഉയർന്നു വരുന്നത്
എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത ബിഷ്ണോയ് ഗ്യാങ് തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കാതെ മുംബൈ പൊലീസ്. നിലവില്‍ ബിഷ്ണോയ് സബർമതി ജയിലിലാണ്. നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിനു നേരെ വെടിയുതിർത്ത കേസിലും ബിഷ്ണോയിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ബിഷ്ണോയിയുടെ ട്രാന്‍സ്ഫർ തടയുന്ന ആഭ്യന്ത്രര മന്ത്രാലയത്തിന്‍റെ ഉത്തരവാണ് കസ്റ്റഡി നിരസിക്കാന്‍ കാരണമായത്.
2023 ഓഗസ്റ്റിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബിഷ്ണോയിയെ തിഹാർ ജയിലില്‍ നിന്നും സബർമതി ജയിലിലേക്ക് മാറ്റിയത്. തുടർന്ന്, ക്രിമിനൽ നടപടി ചട്ടത്തിൻ്റെ (സിആർപിസി) സെക്ഷൻ 268 പ്രകാരം ഏതെങ്കിലും സംസ്ഥാനത്തിനോ ഏജൻസിക്കോ ഒരു വർഷത്തേക്ക് ബിഷ്ണോയിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവും പുറപ്പെടുവിച്ചു. ക്രമസമാധാനത്തെ ബാധിക്കുന്നമെന്നതിനാല്‍ തടവുകാരുടെ ട്രാന്‍സ്ഫർ തടയുന്നതിന് സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണിത്. ഓഗസ്റ്റില്‍ കാലാവധി പൂർത്തിയായ ഈ ഉത്തരവ് ഒരു വർഷത്തേക്കു കൂടി സർക്കാർ നീട്ടുകയായിരുന്നു. ഇതാണ് ലോറന്‍സ് ബിഷ്ണോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് മുംബൈ പൊലീസിനു തടസമാകുന്നത്.
Also Read: "പടക്കം പൊട്ടിയതാണെന്നാണ് കരുതിയത്"; സിദ്ദിഖിയെ ലക്ഷ്യം വെച്ച ബുള്ളറ്റുകളില്‍ ഒന്ന് തറച്ചത് യുവാവിന്‍റെ കാലില്‍
2022ല്‍ പഞ്ചാബി പാട്ടുകാരന്‍ സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്ണോയ് ഗ്യാങ് എന്ന പേര് ഉയർന്നു വരുന്നത്. ഇതിനു പിന്നാലെ സല്‍മാന്‍ഖാനെതിരെ ഗ്യാങ് വധ ഭീഷണിയും മുഴക്കി. 2024 ഏപ്രിലില്‍ നടന്‍റെ ഗാലക്സി അപ്പാർട്ട്മെന്‍റിലെ വീട്ടിലേക്ക് ഇവർ വെടിയുതിർത്തു. 1998ല്‍ ഹം സാത് സാത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ബിഷ്ണോയ് വിഭാഗം ആരാധിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന ആരോപണമാണ് സംഘത്തെ ചൊടിപ്പിച്ചത്.
സംഘത്തിന്‍റെ തലവന്‍ ലോറന്‍സ് ബിഷ്ണോയ് ജയിലിലായ സാഹചര്യത്തില്‍ സഹോദരന്‍ അന്‍മോള്‍, ഗ്യാങ്സ്റ്റർമാരായ ഗോള്‍ഡി ബ്രാർ, രോഹിത് ഗോദാര എന്നിവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
Also Read: മുംബൈ നഗരത്തെ നടുക്കിയ കൊലപാതകം; ആരാണ് ബാബാ സിദ്ദിഖി?
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു കാരണവും സല്‍മാന്‍ ഖാനുമായുള്ള ബന്ധമാണെന്നാണ് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. സിദ്ദീഖിക്ക് കുപ്രസിദ്ധ തീവ്രവാദി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും പ്രതികള്‍ പറയുന്നു. സല്‍മാന്‍റെ വീടിനു മുന്നില്‍ വെടിവെച്ചതിനു പിടിയിലായ അനുജ് താപന്‍ സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ടതിലും സിദ്ദിഖിയെ ഗ്യാങ് കുറ്റപ്പെടുത്തുന്നുണ്ട്. ഇവയൊക്കെയാണ് കൊലപാതകത്തിലേക്ക് നയിച്ചതും.
അതേസമയം, ബാബ സിദ്ദിഖി വധക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടർമാരായ ഗുർമൈൽ ബൽജിത് സിംഗ്, ധരംരാജ് കശ്യപ്, ഇവരെ വാടകയ്‌ക്കെടുത്ത പ്രവീൺ ലോന്‍കർ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 9.15നും 9.30നും ഇടയില്‍ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിനു മുന്നില്‍വെച്ചാണ് ബാബ വെടിയേറ്റു കൊല്ലപ്പെട്ടത്.