"ഗ്രാമത്തിൽ നിന്നുള്ള പയ്യൻ രാജ്യത്തിൻ്റെ യശസ്സ് ഉയ‍‍ർത്തുന്നു, പേര് പോലെ ജനമനസുകൾ കീഴടക്കുന്നു"; പ്രധാനമന്ത്രിയെ സന്ദർശിച്ച് ദിൽജിത് ദൊസഞ്ജ്

ഇരുവരും രാജ്യത്തിൻ്റെ വിശാലതയും, സംഗീതവും, യോഗയുടെ നേട്ടങ്ങളും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ചർച്ച ചെയ്തു
"ഗ്രാമത്തിൽ നിന്നുള്ള പയ്യൻ രാജ്യത്തിൻ്റെ യശസ്സ് ഉയ‍‍ർത്തുന്നു, പേര് പോലെ ജനമനസുകൾ കീഴടക്കുന്നു"; പ്രധാനമന്ത്രിയെ സന്ദർശിച്ച് ദിൽജിത് ദൊസഞ്ജ്
Published on

ഗായകനും നടനുമായ ദിൽജിത് ദൊസഞ്ജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇരുവരും രാജ്യത്തിൻ്റെ വിശാലതയും, സംഗീതവും, യോഗയുടെ നേട്ടങ്ങളും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ചർച്ച ചെയ്തു. പുതുവത്സര ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, പ്രധാനമന്ത്രി അവരുടെ സംഭാഷണത്തിൻ്റെ ചില ഭാഗങ്ങൾ പങ്കുവെച്ചു.

"ഗ്രാമത്തിൽ നിന്നുള്ള പയ്യൻ രാജ്യത്തിൻ്റെ യശസ്സ് ഉയ‍‍ർത്തുന്നു. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് നൽകിയത് ദിൽജിത് എന്ന പേരാണ്. പേര് പോലെ നിങ്ങൾ ലോകമെമ്പാടുമുള്ള ജനമനസുകൾ കീഴടക്കുന്നു," സംഭാഷണത്തിനിടെ മോദി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച ദിൽജിത് ദൊസഞ്ജ്, മോദി അമ്മയെയും ഗംഗാ നദിയെയും കുറിച്ച് സംസാരിക്കുന്ന രീതി സവിശേഷമാണെന്ന് പറഞ്ഞു. ഇന്ത്യ എത്ര മഹത്തരമാണെന്ന് താൻ എല്ലായ്‌പ്പോഴും വായിച്ചിരുന്നു, രാജ്യം മുഴുവൻ ചുറ്റിക്കറങ്ങിയപ്പോഴാണ് അത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായതെന്നും ദിൽജിത് പറഞ്ഞു.

ഇരുവരും തങ്ങളുടെ കൂടിക്കാഴ്ചയെ പറ്റി എക്സിൽ കുറിച്ചു. "2025ന് മികച്ച തുടക്കം. പ്രധാനമന്ത്രിയുമുയുള്ള കൂടിക്കാഴ്ച വളരെ അവിസ്മരണീയം. ഞങ്ങൾ സംഗീതമുൾപ്പെടെ ഒരുപാട് കാര്യങ്ങളിൽ സംവദിച്ചു," ദിൽജിത് ദൊസഞ്ജ് എക്സിൽ കുറിച്ചു. "ദിൽജിത് ഒരു ബഹുമുഖ പ്രതിഭയാണ്, ഞങ്ങൾ സംഗീതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി," പ്രധാനമന്ത്രിയും എക്സിൽ കുറിച്ചു.

ദിൽജിത് ദൊസഞ്ജെയുടെ ദിൽ-ലുമിനാറ്റി ടൂർ ആരംഭിച്ചത് മുതൽ വലിയ വിവാദങ്ങളാണ് ഉടലെടുക്കുന്നത്. കഴിഞ്ഞ ദിവസം ദിൽജിത് ദൊസഞ്ജിൻ്റെ ലുധിയാനയിലെ പുതുവത്സര സംഗീത പരിപാടിയും വിവാദത്തിൽ ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച. ചണ്ഡീഗഡിൽ നിന്നുള്ള അസിസ്റ്റൻ്റ് പ്രൊഫസർ പണ്ഡിത്റാവു ധരേനവർ പരാതി നൽകിയതിന് പിന്നാലെയാണ് ദിൽജിത് ദോസഞ്ജിൻ്റെ സംഗീതനിശ വിവാദത്തിലായത്. സംഗീതപരിപാടിയിൽ മദ്യം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി. ലുധിയാന ജില്ലാ കമ്മീഷണർക്ക് ഔപചാരികമായി നോട്ടീസ് നൽകാൻ പഞ്ചാബ് ഗവൺമെൻ്റ് വനിതാ ശിശു വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അധ്യാപൻ പരാതി നൽകിയത്.

നേരത്തെ ഇൻഡോറിലെ സംഗീത പരിപാടി നടക്കുന്ന സ്ഥലത്ത് മദ്യവും മാംസവും വിറ്റുവെന്ന് ബജ്രംഗ് ദളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. ലൗ ജിഹാദും, മദ്യവും മാംസവും തുറന്ന് വിളമ്പുന്നത് പോലെയുള്ള പ്രവൃത്തികളും ശ്രദ്ധയില്‍പെട്ടാല്‍ ഭരണകൂടത്തിൻ്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെ പ്രതികരിക്കുമെന്നും പ്രതിഷേധക്കാർ ഭീഷണി മുഴക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com